ബെവ്കോ ഔട്ട്ലെറ്റുകളിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ബിവറേജസ് കോർപറേഷന്റെ കീഴിലുള്ള ബെവ്കോ ഔട്ട്ലെറ്റുകളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.‘ഓപറേഷൻ മൂൺലൈറ്റ്’ എന്ന പേരിൽ 78 ഔട്ട്ലെറ്റുകളിൽ നടത്തിയ പരിശോധയിൽ 70 ഇടത്തും ക്രമക്കേട് കണ്ടെത്തി.
95 ശതമാനം ഒട്ട്ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കാണിച്ച തുകയും തമ്മിൽ വ്യത്യാസമുണ്ട്. വ്യത്യാസം കണ്ട ഭൂരിപക്ഷമിടത്തും കൗണ്ടറിൽ കാണേണ്ട യഥാർഥ തുകയേക്കാൾ കുറവാണെന്നും ചിലയിടത്ത് കൂടുതലാണെന്നും കണ്ടെത്തി. കാഷ് കൗണ്ടറിൽ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടക്ക് പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യക്കുപ്പികളുടെ അളവ് പരിശോധിച്ചതിലും ക്രമക്കേട് കണ്ടെത്തി. പൊട്ടിയതായി കാണിച്ച് വിവിധ ഔട്ട് ലെറ്റുകളിലായി 7178 കുപ്പികളാണ് കൂട്ടിയിട്ടിരുന്നത്. എന്നാൽ, ഇവയിൽ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികളായിരുന്നു. പൊട്ടിയതായി രേഖകളിൽ കാണിച്ച് മുന്തിയ ഇനം മദ്യക്കുപ്പികൾ കരിഞ്ചന്തയിൽ വിറ്റഴിച്ചതായാണ് സൂചന.
ഇവക്ക് പകരം പ്ലാസ്റ്റിക് കുപ്പികളിലായി എത്തുന്ന വിലകുറഞ്ഞ മദ്യം രേഖയിൽപ്പെടുത്തുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ചില ഔട്ട്ലെറ്റുകൾ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതൽ വിറ്റഴിച്ചു. ഇതിനു പിന്നിൽ മദ്യക്കമ്പനികളുടെ ഏജന്റുമാർ സ്വാധീനിച്ചിട്ടുണ്ടോയെന്ന സംശയവും വിജിലൻസിനുണ്ട്.
പാലക്കാട് ജില്ലയിലെ കാഞ്ഞിരം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കാസർകോട്, തിരുവനന്തപുരം വട്ടപ്പാറ എന്നീ ഔട്ട്ലെറ്റിലെ സ്റ്റോക്കുകളിൽ മദ്യം കുറവുള്ളതായും കണ്ടെത്തി. ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കൾക്ക് മദ്യം പൊതിഞ്ഞു നൽകുന്നില്ല. എന്നാൽ, പൊതിഞ്ഞു നൽകുന്നതായി പേപ്പർ വാങ്ങിയതായും രേഖകളിലുണ്ട്. പലയിടങ്ങളിലും ജീവനക്കാർതന്നെ കോർപറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തിൽ ജോലിക്കാരെ നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.