സത്യപ്രതിജ്ഞയിൽ അയ്യപ്പൻ മുതൽ ഗോമതിയമ്മൻ വരെ
text_fieldsതിരുവനന്തപുരം: കോർപറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയിൽ മുനിസിപ്പാലിറ്റി ആക്ട് ലംഘനമെന്ന് ആരോപണം. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആകണമെന്നാണ് െതരഞ്ഞെടുപ്പ് കമീഷെൻറ നിർദേശമെങ്കിലും ഈശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തവർ ഒരുപടികൂടി കടന്ന് അയ്യപ്പനെയും കുടുംബദേവതയെയും വിശുദ്ധ തോമാശ്ലീഹയെയും ഒപ്പം കൂട്ടി.
ബി.ജെ.പി അംഗങ്ങളായ നെടുങ്കാട് കൗൺസിലർ കരമന അജിത്ത് അയ്യപ്പസ്വാമിയുടെ നാമത്തിലും ഫോർട്ട് വാർഡിലെ ബി.ജെ.പി സ്വതന്ത്ര ജാനകിയമ്മാൾ ശ്രീപത്മനാഭസ്വാമിയുടെയും പരദേവതയായ ഗോമതിയമ്മൻ എന്നിവരുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ പൂന്തുറയിൽ സ്വതന്ത്രയായി വിജയിച്ച മേരി ജിപ്സി വിശുദ്ധ തോമാശ്ലീഹയുടെ പേരിലും പ്രതിജ്ഞ ചെയ്തു.
മാണിക്യംവിളാകത്ത എൽ.ഡി.എഫ് കൗൺസിലർ മുഹമ്മദ് ബഷീറും ഹാർബറിൽ സ്വതന്ത്രനായി വിജയിച്ച നിസാമുദ്ദീനും അല്ലാഹുവിെൻറ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 143 മൂന്നാം ഷെഡ്യൂൾ പ്രകാരം ഈശ്വരനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്യാനാണ് അനുവാദം. അതിനാൽ ഇത് ലംഘനമാണെന്ന ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചാൽ െതരഞ്ഞെടുപ്പ് കമീഷന് പരിശോധിക്കേണ്ടി വരും.
കരമനയിലെ ബി.ജെ.പി അംഗം മഞ്ജു സംസ്കൃതത്തിലാണ് പ്രതിജ്ഞയെടുത്തത്. ഇടത് അംഗമായ ആറ്റുകാലിലെ ആർ. ഉണ്ണികൃഷ്ണൻ സത്യവാചകം ചൊല്ലിയ ശേഷം രക്തസാക്ഷികൾക്കും കർഷകസമരത്തിനും സിന്ദാബാദും വിപ്ലവം വിജയിക്കേട്ടയും പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. കഴിഞ്ഞതവണയും ശ്രീനാരായണ ഗുരുവിെൻറയും തോമാശ്ലീഹയുടെയും പേരിൽ കൗൺസിലർ സത്യപ്രതിജ്ഞ എടുത്തതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെങ്കിലും അവ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.