തലസ്ഥാനത്തിന്റെ ചന്ദ്രസ്പർശം
text_fieldsതിരുവനന്തപുരം: നാലുവർഷമുമ്പ് അവസാന നിമിഷം പാളിപ്പോയ ദൗത്യത്തെ ചന്ദ്രയാൻ-3ലൂടെ പുനരുജ്ജീവിപ്പിക്കാൻ ഐ.എസ്.ആർ.ഒയെ സഹായിച്ചത് വിക്രം സാരാഭായി സ്പേസ് സെന്റർ അടക്കമുള്ള തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങൾ. ലാൻഡറിനെയും റോവറിനെയും വഹിച്ചുകൊണ്ടുയർന്ന എൽ.വി.എം-3 റോക്കറ്റിന്റെ രൂപകൽപന മുതൽ ലാൻഡറിലെ പ്രവേഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെൻസറുകൾ വരെ തയാറായത് അനന്തപുരിയിൽ നിന്നാണ്.
ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ് എൽ.വി.എം -3. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനായി കാത്തുവെച്ചിട്ടുള്ള ഈ റോക്കറ്റിനെ ചന്ദ്രയാൻ മൂന്നിനായി രൂപകൽപന ചെയ്തത് വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണന്റെയും തിരുവനന്തപുരം സ്വദേശിയും മിഷൻ ഡയറക്ടറുമായ മോഹനകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു. റോക്കറ്റ് പുറപ്പെടുന്നതു മുതൽ കൃത്യമായ പാതയിൽ സഞ്ചരിച്ച് ചന്ദ്രനിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉപകരണങ്ങൾ നിർമിച്ചതും വി.എസ്.എസ്.സിയിലായിരുന്നു.
വിക്ഷേപണ സമയത്ത്, ശ്രീഹരിക്കോട്ടയിലെ കാറ്റിന്റെ ഗതിയും മറ്റും സംബന്ധിച്ച വിവരങ്ങൾ പ്രധാനമാണ്. ചെറിയ പ്രവേഗമുള്ളപ്പോൾ വിക്ഷേപണ വാഹനത്തിന്റെ ദിശ തിരിക്കാൻ കാറ്റിനു കഴിയും. കാറ്റിന്റെ വിവരം (വിൻഡ് ഡേറ്റ) തയാറാക്കി ദൗത്യത്തിന് ക്ലിയറൻസ് നൽകിയത് വി.എസ്.എസ്സിയുടെ എൻജിനീയറിങ് സംഘമായിരുന്നു. വിക്ഷേപണം നിയന്ത്രിച്ച ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസ് എന്ന സോഫ്റ്റ്വെയർ തയാറാക്കിയതും ഇവിടെത്തന്നെ.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ (ലിഗോലിത്ത്) താപനിലയും മറ്റും പഠിക്കുന്നതിനുള്ള ചാസ്തേ, വൈദ്യുതി കാന്തിക സ്വഭാവവും പ്ലാസ്മ സാന്ദ്രതയും പഠിക്കുന്നതിനുള്ള ലാഗ്മിർ പ്രോബ് എന്നീ പേലോഡുകളുടെ നിർമാണം വി.എസ്.എസ്.സിയിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയിലായിരുന്നു. ചന്ദ്രയാനുവേണ്ട പോളിമർ, പൈറോ ഉപകരണങ്ങൾ തുടങ്ങിയവയും വി.എസ്.എസ്.സിയിൽ നിർമിച്ചു. റോക്കറ്റിലേക്കുവേണ്ട അതിശീതീകൃത (ക്രയോജനിക്), ദ്രവ (ലിക്വിഡ്) പ്രൊപൽഷനുകൾ സംയോജിപ്പിച്ചത് വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിലായിരുന്നു (എൽ.പി.എസ്.സി). രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ ലാൻഡിങ്ങിലുണ്ടായ പിഴവ് പരിഹരിക്കാൻ ഇത്തവണത്തെ ലാൻഡറിലെ പ്രവേഗം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സെൻസറുകൾ തയാറാക്കിയത് വട്ടിയൂർക്കാവിലെ ഇേസ്രാ ഇനേർഷ്യൽ സിസ്റ്റംസ് യൂനിറ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.