തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജി-ഗെയ്റ്റർ റോബോട്ടിന് ഒരു വയസ്സ്
text_fields
തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ജി-ഗെയ്റ്റർ റോബോട്ട് പ്രവർത്തനം ഒരുവർഷം പിന്നിടുന്നു.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സജ്ജീകരിച്ച റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) ആണ് നിരവധി രോഗികൾക്ക് ആശ്വാസമേകി പ്രവർത്തനം തുടരുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ജി-ഗെയ്റ്ററിലൂടെയുള്ള പരിശീലനത്തിലൂടെ നൂറുകണക്കിന് പക്ഷാഘാതരോഗികളുടെ പുനരധിവാസം വേഗത്തിൽ സാധ്യമായതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ബിന്ദു മോഹൻ പറഞ്ഞു.
തളർവാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകൾ മൂലം ശരീരവും മനസ്സും ദുർബലമായിപ്പോയവരെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലെ സഹായിയാണ് ജി-ഗെയ്റ്റർ.
നടക്കാൻ പ്രയാസമുള്ളവർക്ക് ഇരുമ്പുദണ്ഡുകളിൽ പിടിച്ച് നടത്തിക്കുന്ന ഫിസിയോ തെറപ്പിയാണ് സാധാരണ നൽകാറുള്ളത്. എന്നാൽ ജി-ഗെയ്റ്റർ വഴി ഇത് കൂടുതൽ എളുപ്പത്തിൽ നിർവഹിക്കാം.
ആശുപത്രികളിലെ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. പരസഹായം കൊണ്ടുമാത്രം എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയുന്നയാളുകളുടെ പരിചരണം റോബോട്ടിന്റെ സഹായത്തിലേക്ക് മാറിയത് കൂടുതൽ പേർക്ക് സഹായകമായി. ട്രെഡ്മില്ലോടുകൂടി രൂപകൽപന ചെയ്ത ജി-ഗെയ്റ്റർ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും.
മസ്തിഷ്കാഘാത ചികിത്സ പൂർത്തിയാക്കി മൂന്നുമാസം കഴിഞ്ഞതും സ്വന്തമായി എഴുന്നേറ്റുനിൽക്കാൻ കഴിയുന്നതുമായ രോഗികൾക്കാണ് സേവനം ലഭ്യമാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ നിർമിതബുദ്ധി, റോബോട്ടിക്സ് എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനം. ചലനവൈകല്യങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പരമ്പരാഗത ഗെയ്റ്റ് ട്രെയിനിങ് പ്രശ്നങ്ങൾക്ക് പരിഹാരവുമാണിത്.
ജി-ഗെയ്റ്റർ നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ ആതുരാലയമാണ് ജനറൽ ആശുപത്രി. ഗെയ്റ്റ് ട്രെയിനിങ് ആവശ്യമുള്ള രോഗികൾക്ക് സാധാരണരീതിയിൽ മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള 20 സെഷൻസ് ആണ് ലഭ്യമാകുക.
തിങ്കൾ മുതൽ ശനി വരെയുള്ള രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സേവനം. ബി.പി.എൽ വിഭാഗത്തിലെ രോഗികൾക്ക് 20 ട്രെയിനിങ് സെഷനുകൾക്ക് 1000 രൂപയും അല്ലാത്തവർക്ക് രണ്ടായിരം രൂപയുമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.