പോത്തൻകോട് മണ്ണ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘർഷം
text_fieldsപോത്തൻകോട്: സംഘം ചേർന്ന മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുപ്രസിദ്ധ ഗുണ്ട മെന്റെൽ ദീപു എന്ന ദീപുവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ചന്തവിളയിലായിരുന്നു സംഭവം.
കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദീപുവിന്റെ കൂട്ടാളികളായ മൂന്നുപേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വസ്തുവിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മണ്ണ് മാഫിയ സംഘത്തിലെ ചിലർ ദിവസങ്ങളായി സമീപ പ്രദേശങ്ങളിൽ ചെറിയ അക്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർക്കഥയാണ് വ്യാഴാഴ്ച നടന്ന അക്രമമെന്നും പൊലീസിന് സംശയമുണ്ട്. കസ്റ്റഡിയിലുള്ളവർ മണ്ണ് മാഫിയ സംഘത്തിലുള്ളവരാണ്.
കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിലാണ് ദീപുവിന് തലക്കടിയേറ്റത്. നിരവധി കേസുകളിൽ പ്രതിയായ അയിരൂപ്പാറ സ്വദേശി കുട്ടനാണ് തലക്കടിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പോത്തൻകോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാ നേതാവിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് വരുന്ന വഴിക്കാണ് സംഭവം.
ചന്തവിളയിലെ സംഭവത്തിന് തൊട്ട് മുമ്പ് ഇതേ സംഘം ചേങ്കോട്ടുകോണം തുണ്ടത്തിൽവെച്ച് മറ്റൊരു സംഘവുമായും സംഘർഷത്തിലേർപ്പെട്ടിരുന്നു.
ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത അയിരൂപ്പാറ സ്വദേശികളായ കുട്ടൻ, സ്റ്റീഫൻ എന്നിവർ ഒളിവിൽ പോയി. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മെന്റൽ ദീപു. മറ്റുള്ളവരും നിരവധി കേസുകളിൽ പ്രതികളാണ്.
റൂറൽ എസ്.പി ദിവ്യാ ഗോപിനാഥ് രാത്രിതന്നെ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴക്കൂട്ടത്ത് പച്ചക്കറിക്കടയിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന കേസിലും 2020 സെപ്റ്റംബറിൽ ശ്രീകാര്യം ചേന്തിയിൽ സംഘാംഗമായ ശരത് ലാലിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലും പ്രതിയാണ് ദീപു. നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.