നേതാജിപുരത്തെ ഗുണ്ട ആക്രമണം; പ്രതികൾ പിടിയിൽ
text_fieldsപോത്തൻകോട്: നേതാജിപുരത്ത് വീടുകയറി ആക്രമണം നടത്തുകയും യുവാവിന്റെ കൈ അടിച്ചൊടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നേതാജിപുരം കല്ലംപള്ളി വീട്ടിൽ അന്തപ്പൻ എന്ന എം. ദിനീഷ് (33), കലാഭവനിൽ എം. ശ്യാംകുമാർ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
വ്യാഴാഴ്ച രാത്രി 8.30ന് നേതാജിപുരം സൊസൈറ്റി ജങ്ഷനിൽ തുടങ്ങിയ വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. നേതാജിപുരം നഹാസ് മൻസിലിൽ നഹാസിന്റെ കൈ കമ്പികൊണ്ട് അടിച്ചൊടിച്ചു.
പിന്നീട് സംഘമായി എത്തിയ ആക്രമികൾ നഹാസിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടർ അടിച്ചുതകർത്തു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നത്. തടയാനെത്തിയ നാട്ടുകാരെയും ആക്രമിക്കാൻ ഓടിച്ചു. തൊട്ടടുത്ത വീടിന്റെ ഗേറ്റും പൊളിച്ചു.
കൈക്ക് ഗുരുതര പരിക്കേറ്റ നഹാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യംചെയ്തതിനാണ് നഹാസിനുനേരെയും ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് ഏഴിനായിരുന്നു രാജുവിനുനേരെ ആക്രമണം ഉണ്ടായത്.
2014ൽ വാവറഅമ്പലത്ത് യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ദിനീഷ്. പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ്, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ പി. ശ്യാംകുമാർ, എ. ഷാൻ, രതീഷ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.