പാറ്റൂരിലെ ഗുണ്ടാ ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: പാറ്റൂരിൽ കാർ അടിച്ചുതകർത്ത് നാലുപേരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഗുണ്ടാസംഘത്തിലെ രണ്ട് പ്രതികളെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം, സഹായി സൽമാൻ എന്നിവരെയാണ് പേട്ട സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്.
കേസിലെ പ്രധാന പ്രതി ഓംപ്രകാശ് ഉൾപ്പെടെ മറ്റ് ആറ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി ബംഗളൂരു ഉൾപ്പെടെ സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. ബംഗളൂരുവിൽനിന്ന് പിടിയിലായ ഇവരെ തലസ്ഥാനത്തെത്തിച്ചശേഷം അറസ്റ്റും തെളിവെടുപ്പും ഉൾപ്പെടെ നടപടികളിലേക്ക് കടക്കും.
പരസ്പരം പകതീർക്കാൻ നഗരത്തിൽ കറങ്ങിനടന്ന ഗുണ്ടസംഘങ്ങള് ഏറ്റുമുട്ടുകയായിരുന്നു. തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായ ഓംപ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓംപ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല.
എന്നാൽ കഴിഞ്ഞദിവസം പാറ്റൂരിൽ പൂത്തിരി കൺസ്ട്രക്ഷൻ ഉടമ നിഥിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. നിഥിനും ഗുണ്ടാസംഘത്തലവനാണ്. ഓംപ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തികതർക്കമാണ് അക്രമത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഓംപ്രകാശിനൊപ്പമുള്ള ആരിഫിന്റെ പീപ്പിൾസ് നഗറിലെ വീട്ടിൽ കയറി നിഥിനും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു പാറ്റൂരിലെ ആക്രമണമത്രേ. നിഥിനെയും സംഘത്തെയും വെട്ടിയശേഷം അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. രണ്ട് വാഹനങ്ങളിലായി അക്രമിസംഘം കറങ്ങുന്നതായി പൊലീസിന് വിവരമുണ്ട്. ഓംപ്രകാശ് സ്വന്തം പേരിലുള്ള സിംകാർഡ് ഉപയോഗിക്കാത്തത് പൊലീസിനെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.