മാലിന്യമിഴഞ്ചാൻ; ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യക്കൂമ്പാരം
text_fieldsതിരുവനന്തപുരം: ലക്ഷങ്ങൾ ചെലവഴിച്ച് ജൂലൈയിൽ വൃത്തിയാക്കിയ ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യകൂമ്പാരം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് എതിർവശത്ത് പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ കടന്നുപോകുന്ന ഭാഗത്ത് നൂറുകണക്കിന് ചാക്കുകളാണ് തോട്ടിൽ നിക്ഷേപിച്ചിട്ടുള്ളത്. തോട്ടിലെ ജലമൊഴുക്കും ഏതാണ്ട് നിലച്ചു.
പഴവങ്ങാടി-തകരപ്പറമ്പ് ഭാഗത്തെ അരകിലോമീറ്റർ ദൂരത്തിൽനിന്ന് മാത്രം ജൂലൈയിൽ ഏഴു ലോഡ് മാലിന്യമാണ് നീക്കംചെയ്തത്. ഇതിനായി 20 ലക്ഷം രൂപ വേണ്ടിവന്നു. കലക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്. ഇതേസ്ഥലത്ത് തോട്ടിൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ഇരട്ടി മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. പലയിടങ്ങളിലും തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ വേലി ഉയർത്തിക്കെട്ടിയിരുന്നു. ചിലയിടങ്ങളിൽ ഇത് പൊളിഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തുകൂടിയാണ് മാലിന്യമിടുന്നത്.
ആമയിഴഞ്ചാൻ തോടിന്റെ ബേക്കറിമുതൽ കണ്ണമ്മൂലവരെയുള്ള 5.8 കിലോമീറ്റർ ദൂരം മഴക്കാലപൂർവ ശുചീകരണപദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന് എട്ടുലക്ഷം വകയിരുത്തിയിരുന്നു. എന്നാൽ, കൃത്യസമയത്ത് മാലിന്യനീക്കം നടക്കാതായതോടെ മലിനജലത്തിലെ കൊതുകുകളെകൊണ്ട് സമീപവാസികൾ പൊറുതിമുട്ടി. നിരവധി പ്രതിഷേധങ്ങളുയർത്തിയെങ്കിലും മാലിന്യനീക്കം നടത്തേണ്ടത് ഇറിഗേഷൻ വകുപ്പാണെന്ന് കോർപറേഷനും തിരിച്ച് പഴിചാരി. ഒടുവിൽ കലക്ടർ നേരിട്ട് സ്ഥലത്തെത്തിയാണ് മാലിന്യനീക്കത്തിന് നടപടി സ്വീകരിച്ചത്. റോഡിലേക്ക് കോരിയിട്ട ലോഡ് കണക്കിന് മാലിന്യം പ്രതിഷേധമുയർന്നപ്പോഴാണ് നീക്കം ചെയ്തത്. ഇത് ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിൽ നെയ്യാർ ഡാം പരിസത്തുള്ള സ്ഥലത്തേക്ക് സംസ്കരിക്കാൻ കൊണ്ടുപോയി.
നഗരം നിറയ്ക്കുന്ന മാലിന്യം
ഒബ്സര്‍വേറ്ററി ഹില്ലില്‍നിന്ന് ഉല്‍ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചെന്നുചേരുന്ന ആമയിഴഞ്ചാന്‍ തോടിന് ആകെ 12 കി.മീറ്ററാണ് ദൂരം. ബേക്കറി ജങ്ഷൻ, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിലേക്ക് എത്തുമ്പോഴേക്കും ആമയിഴഞ്ചാൻ അക്ഷരാർഥത്തിൽ മാലിന്യ തോടായി മാറും. തോടിന്റെ 119 മീറ്റർ റെയിൽവേ ലൈനിന് കീഴിലൂടെയാണ്. ഇവിടെ വൃത്തിയാക്കാൻ റെയിൽവേ തയാറാകാത്തതാണ് മാലിന്യക്കൂമ്പാരത്തിനു കാരണമെന്ന് ജനപ്രതിനിധികൾ രണ്ടു വർഷങ്ങൾക്കുമുമ്പ് ആരോപണം ഉയർത്തിയിരുന്നു.
മഴ പെയ്താൽ പരിസര പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നും ഇതുകൊണ്ടാണെന്ന് ആക്ഷേപമുയർന്നു. എന്നാൽ, നഗരത്തിലെ ജനങ്ങളും വിവിധ മാർക്കറ്റുകളിൽനിന്ന് വലിച്ചെറിയുന്നതുമടക്കം വലിയവിഭാഗം മാലിന്യ നിക്ഷേപത്തിൽ പങ്കാളികളാണ്. പാര്‍വതി പുത്തനാര്‍, ആമയിഴഞ്ചാന്‍ തോട്, തെറ്റിയാര്‍, പട്ടം തോട് തുടങ്ങി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നെത്തുന്ന തോടുകള്‍ ആക്കുളം, വേളി കായലുകളിലാണെത്തുന്നത്. അതിനാൽ, ഈ മാലിന്യമത്രയും വേളി പൊഴിയിലെത്തുകയും മഴക്കാലത്തു പൊഴി മുറിഞ്ഞ് കടലിൽ ചേരുകയും ചെയ്യുന്നു.
വെറുതെയായ കാമറകൾ, കോടികൾ
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ തോടിന്റെ കരയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇത് ഫലം കണ്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. കോർപറേഷൻ ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബജറ്റിൽ 43 കോടി രൂപയുടെ മാലിന്യ പരിപാലന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഒരുലക്ഷം വീടുകളിൽ ജൈവ അടുക്കള, ഏഴുവര്‍ഷം കൊണ്ട് മുഴുവൻ വാര്‍ഡുകളിലും ഓടകൾ, മാലിന്യനീക്കം നിരീക്ഷിക്കാൻ 24 മണിക്കൂര്‍ കോൾ സെന്റർ എന്നിവ വിഭാവനം ചെയ്തിരുന്നു. നേരത്തേ കണ്ണമ്മൂലമുതൽ നെല്ലിക്കുഴിവരെ തോട് വൃത്തിയാക്കി ആഴം കൂട്ടാൻ സർക്കാർ ബജറ്റിൽ 25 കോടി രൂപ പ്രഖ്യാപിച്ചിരുന്നു.
വലിച്ചെറിയൽ തടയാൻ trivപദ്ധതികൾ
മെറ്റീരിയല്‍ റിക്കവറി സെന്ററുകളില്‍ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ പുതിയ ഏജന്‍സിയെ കോര്പറേഷന് നിയമിച്ചത് ജൂലൈയിലാണ്. അതിനു മുമ്പുണ്ടായിരുന്ന ഏജന്‍സിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാലിന്യനീക്കത്തില്‍ പരാജയപ്പെട്ടതോടെയാണിത്.
പുതിയ സ്വകാര്യ സ്ഥാപനം പൈതൃക മാലിന്യം നീക്കം ചെയ്യുക കിലോക്ക് 6.40 രൂപക്കാണെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. വളരെ കുറഞ്ഞ നിരക്കില്‍ മാലിന്യം ശേഖരിക്കാന്‍ ഏജന്‍സി സമ്മതിച്ചതിനാല്‍ കൗണ്‍സിലിന്റെ ഏറ്റവും പുതിയ തീരുമാനം കോര്പറേഷന് ലാഭകരമാകുമെന്നാണ് പ്രതീക്ഷിച്ചത്.
ക്ലീന്‍ കേരള കമ്പനി കിലോക്ക് 10 രൂപയാണ് ഈടാക്കിയിരുന്നത്. 100 വാര്‍ഡുകളിലായി രണ്ട് ടണ്ണോളം പൈതൃക മാലിന്യം (ലെഗസി വേസ്റ്റ്) കുന്നുകൂടി കിടക്കുന്നതായാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്ടെത്തിയത്.
ഇത് കുഴിച്ചുമൂടാനേ കഴിയൂ. പൂർണമായോ ഭാഗികമായോ ജീർണിച്ച ബയോ ഡിഗ്രേഡബിൾ മാലിന്യം, പ്ലാസ്റ്റിക്ക്, തുണി, ലോഹം, ചില്ല് എന്നിവ ഒരിക്കലും വേർതിരിക്കാനാകാത്തവിധം കൂടിക്കുഴഞ്ഞ നിലയിലുള്ളതാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.