ഇഴഞ്ഞ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കം
text_fieldsതിരുവനന്തപുരം: ഇഴഞ്ഞ് നീങ്ങുകയാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കം. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജൂണിനു മുമ്പേ നടക്കേണ്ടിയിരുന്ന മാലിന്യനീക്കം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ശ്രീചിത്ര പുവർ ഹോം പരിസരത്ത് കഴിഞ്ഞദിവസം തോട്ടിൽനിന്ന് മാലിന്യം കോരി റോഡിലേക്കിട്ടു. വെള്ളിയാഴ്ച, തകരപറമ്പുനിന്ന് പഴവങ്ങാടിയിലേക്കു പോകുന്നവഴിയിലെ ഭാഗത്തുനിന്നാണ് മാലിന്യം കോരുന്നത്. കോരിയെടുത്ത ടൺ കണക്കിന് മാലിന്യം അതേപടി റോഡിൽ കിടക്കുകയാണ്. മഴ ശക്തമായാൽ ഈ പണിയത്രയും ‘വെള്ള’ത്തിലാകും.
ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് മേജർ ഇറിഗേഷൻ വകുപ്പ് ശുചീകരണം നടത്താതിരുന്നത്. കഴിഞ്ഞ വർഷംവരെ കോർപറേഷനാണ് മാലിന്യനീക്കം നടത്തിയിരുന്നത്. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ കോർപറേഷൻ സ്ഥാപിച്ച ഇരുമ്പുവല മറികടന്നും പ്ലാസ്റ്റിക് അടക്കമുള്ള ടൺ കണക്കിന് പൊതുജനം മാലിന്യം തോട്ടിലേക്ക് വലിച്ചെറിഞ്ഞു. മാർക്കറ്റ് പരിസരമായതിനാൽ മാലിന്യത്തിന്റെ അളവ് കൂടി. മലിനജലം കെട്ടിക്കിടന്ന് കൊതുകുശല്യം കൂടിയതോടെ സമീപവാസികൾ പരാതിപ്പെട്ടു. ഒടുവിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ കലക്ടർ സ്ഥലം സന്ദർശിച്ചു.
തനതു ഫണ്ട് ഉപയോഗിച്ച് മാലിന്യ നീക്കം നടത്താൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. 20 ലക്ഷം രൂപക്കാണ് കരാർ. ഒരാഴ്ച കൊണ്ട് പൂർണമായ തോതിൽ മാലിന്യം നീക്കുമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.