മാർച്ചോടെ 20000 വീടുകളിൽ കണക്ഷൻ; അടുക്കളയിൽ നേരിട്ട് ഗ്യാസ് എത്തിത്തുടങ്ങി
text_fieldsതിരുവനന്തപുരം: പാചകത്തിനുള്ള പ്രകൃതി വാതകം പൈപ്പുകളിലൂടെ അടുക്കളകളിൽ എത്തിക്കുന്ന പദ്ധതിക്ക് തലസ്ഥാനത്തും തുടക്കമായി. വെട്ടുകാട്, ശംഖുംമുഖം വാർഡുകളിലെ 1750 കുടുംബങ്ങൾക്കാണ് തിങ്കളാഴ്ചമുതൽ പൈപ്പ് വഴി പാചകവാതകം എത്തിത്തുടങ്ങിയത്. പെരുന്താന്നി, ചാക്ക, ശ്രീകണ്ഠേശ്വരം, അമ്പലത്തറ, മുട്ടത്തറ, പാൽക്കുളങ്ങര അടക്കം 16 വാർഡുകളിൽകൂടി ഉടൻ സിറ്റി ഗ്യാസ് എത്തും.
മാർച്ചോടെ 20,000 കണക്ഷനുകൾ നൽകാനാണ് ശ്രമം. 20000 വീടുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. 2024 മാർച്ചിൽ ഒരു ലക്ഷം കണക്ഷനുകളും. തലസ്ഥാന നഗരത്തിൽ ഇതുവരെ 140 കിലോമീറ്ററിൽ പൈപ്പ് ലൈൻ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. കൊച്ചുവേളിയിലെ പ്ലാന്റിൽനിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ പ്രകൃതി വാതകം എത്തിക്കുകയാണ് ലക്ഷ്യം.
പ്ലാന്റിന് പുറമേ 56 കിലോ ലിറ്റർ ശേഷിയുള്ള നാല് ടാങ്കുകളാണ് കൊച്ചുവേളിയിലുള്ളത്. കളമശ്ശേരി ഗെയിലിൽനിന്ന് പൈപ്പ് ലൈൻ വഴിലാണ് ശരിക്കും ഗ്യാസ് എത്തേണ്ടത്. പൈപ്പ് ലൈൻ യാഥാർഥ്യമാകാൻ സമയമെടുക്കുമെന്നതിനാലാണ് കൊച്ചുവേളി പ്ലാന്റ് അടക്കം ഒരുക്കി ബദൽ സംവിധാനമൊരുക്കുന്നത്.
ദ്രവീകൃത പ്രകൃതിവാതകം കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ കൊച്ചുവേളിയിലെ പ്ലാന്റിലെത്തിക്കുകയും ഇവിടെവെച്ച് വാതക രൂപത്തിലാക്കുകയും ചെയ്യും. ടാങ്കുകളിൽ സൂക്ഷിക്കുന്ന വാതകമാണ് പൈപ്പ് ലൈൻ വഴി വീടുകൾക്ക് നൽകുന്നത്. തോന്നയ്ക്കലിൽ രണ്ടാമത്തെ പ്ലാന്റിനും നടപടി തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ആറ്റിങ്ങൽ ഭാഗത്തേക്ക് സിറ്റി ഗ്യാസ് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ദേശീയപാതയുടെ ഒരു ഭാഗത്താണ് കണക്ഷനുകൾ നൽകിയിട്ടുള്ളത്. അതേസമയം പാതയുടെ മറുഭാഗത്ത് പൈപ്പ്ലൈൻ ശൃംഖലയൊരുക്കലും പുരോഗമിക്കുകയാണ്. ദേശീയപാത മുറിച്ച് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുകയാണ് ഇനി വേണ്ടത്. ഇതിനുള്ള അനുമതി ഈ മാസം 27 ന് ലഭിക്കുമെന്നാണ് കരുതുന്നത്.
വിലയിൽ വലിയ വ്യത്യാസമില്ല
സിറ്റി ഗ്യാസ് നിലവിൽ സിലിണ്ടറുകളെ അപേക്ഷിച്ച് ലാഭകരമാണെന്നായിരുന്നു ആദ്യഘട്ടത്തിൽ പ്രചാരണമെങ്കിലും നിലവിൽ 10 ശതമാനം മാത്രമാണ് വിലയിൽ വ്യത്യാസം. സിറ്റി ഗ്യാസ് തലസ്ഥാനത്ത് തുടങ്ങുന്ന ഘട്ടത്തിൽ വില തമ്മിലെ വ്യത്യാസം 20 ശതമാനമായിരുന്നു. ഇതാണ് പത്തിലേക്ക് താഴ്ന്നത്. അതോടൊപ്പം വിപണിയിലെ വിലക്കനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യുന്ന ഫ്ലക്സി നിരക്കാണ് സിറ്റി ഗ്യാസിനും.
ശരാശരി ഗ്യാസ് സിലിണ്ടർ 45 ദിവസമാണ് വീടുകളിൽ ഉപയോഗിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 15 മീറ്റർ ക്യുബിക് സിറ്റി ഗ്യാസ് വേണം. ഒരു മീറ്റർ ക്യുബിക് സിറ്റി ഗ്യാസിന് 60 രൂപയാണ് വില. 45 ദിവസം സിറ്റി ഗ്യാസ് ഉപയോഗിക്കുന്നതിന് 900 രൂപയാകും.
ഇതിന് പുറമേ അഞ്ച് ശതമാനം വാറ്റുമുണ്ട്. ഇതോടെ വില 945 ആകും. കണക്ഷനെടുക്കാൻ 7000 രൂപയാണ് ഡെപ്പോസിറ്റ്. പുറമെ 326 രൂപ രജിസ്ട്രേഷൻ ഫീസുമുണ്ട്. 7000 രൂപ 27 മാസത്തെ ബിൽ വഴിയാണ് ഈടാക്കുന്നത്. ഇത് കണക്ഷൻ ഒഴിവാക്കുന്ന സമയത്ത് തിരികെത്തരും എന്ന വ്യവസ്ഥയോടെയാണ് വാങ്ങുന്നത്.
ഒരു മീറ്റർ ക്യൂബ് ദ്രവീകൃത വാതകം പ്ലാന്റുകളിൽ നടപടികൾ പൂർത്തിയായാൽ 600 മീറ്റർ ക്യൂബ് പാചക വാതകമായാണ് മാറുക. മൈനസ് 162 ഡിഗ്രിയിലാണ് ദ്രവീകൃത പ്രകൃതി വാതകം ടാങ്കറുകളിൽ കൊണ്ടുവരുന്നത്. കൊച്ചുവേളിയിൽനിന്ന് തോന്നയ്ക്കൽവരെയും ലൈനുകൾ ആലോചിക്കുന്നുണ്ട്. പൈപ്പ് ലൈൻ എത്താത്തിടങ്ങളിൽ ടാങ്കറുകളിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള ക്രമീകരണവും അനുബന്ധമായി ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.