ഗായത്രിയുടെ മരണം: ആത്മഹത്യയാക്കാനും പ്രവീൺ ശ്രമിച്ചു
text_fieldsതിരുവനന്തപുരം: ഗായത്രിയെ കൊലപ്പെടുത്തിയശേഷം മരണം ആത്മഹത്യയാക്കാനുള്ള ശ്രമങ്ങളും പ്രവീൺ നടത്തിയിരുന്നതായി അന്വേഷണസംഘം. വാക്കുതർക്കത്തിനിടയിലുണ്ടായ പെട്ടെന്നൊരു പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മൂന്ന് ദിവസം മുമ്പാണ് തിരുവണ്ണാമലയിലേക്ക് പ്രവീണിന് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനെ തുടർന്ന് ശനിയാഴ്ച ജീവനക്കാരിൽ ചിലർ പ്രവീണിന് വിരുന്ന് നൽകുകയും ജ്വല്ലറി മാനേജ്മെന്റ് നേരിട്ട് ഞായറാഴ്ച്ചത്തേക്കുള്ള ട്രെയിന് ടിക്കറ്റ് പ്രവീണിനായി ബുക്ക് ചെയ്തിരുന്നു.
പ്രവീൺ സ്ഥലം മാറിപോകുന്നെന്ന് മനസ്സിലാക്കിയ ഗായത്രി പ്രശ്നമുണ്ടാക്കി തുടങ്ങിയതോടെയാണ് ഹോട്ടലിൽ വിളിച്ചുവരുത്തി കാര്യങ്ങൾ രമ്യതയിൽ പരിഹരിക്കാൻ പ്രവീൺ ശ്രമിച്ചത്. പക്ഷേ, ഗായത്രി വഴങ്ങിയില്ല. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ വാട്സ്ആപ് സ്റ്റാറ്റസിലൂടെ ഗായത്രി പരസ്യമാക്കിയതാണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണിനെ പ്രകോപിപ്പിച്ചത്. ഗായത്രിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഗായത്രിയുടെ മൊബൈൽ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോൾ വരുന്നത്. പ്രവീൺ ഫോൺ എടുത്ത് ഗായത്രി തെൻറാപ്പമുണ്ടെന്നും ഇനിയാരും അവളെ തിരക്കരുതെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഗായത്രിയുടെ ഫോണുമായി മുറി പൂട്ടിയെടുത്ത് ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടു. മുറിയുടെ ചാവി നൽകാത്തതിനാൽ ഇരുവരും പുറത്തേക്ക് പോയതായാണ് ഹോട്ടൽ ജീവനക്കാർ കരുതിയത്. കൊലപാതകത്തിനുശേഷം ജ്വല്ലറിയിലെ സുഹൃത്തുക്കൾ താമസിച്ചിരുന്ന സ്ഥലത്തേക്കാണ് പ്രവീൺ എത്തിയത്.
എന്നാൽ, ഇവരോടൊന്നും പ്രവീൺ വിവരങ്ങൾ പറഞ്ഞില്ല. പകരം കൊലപാതകം എങ്ങനെ ആത്മഹത്യയാക്കാമെന്ന ചിന്തയിലായിരുന്നു. ഇതിനായി ഗായത്രിയുടെ ഫോണിൽ നിന്നുതന്നെ അവരുടെ ഫേസ്ബുക്കിൽ കയറി വാട്സ്ആപ് സ്റ്റാറ്റസിൽ പങ്കുവെച്ച ഫോട്ടോകൾ രാത്രി ഏഴോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീൺ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യ ചെയ്തു എന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ.
പക്ഷേ ഇതൊന്നും കൊണ്ട് കൊലപാതകം മറച്ചുവെക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ രാത്രിയോടെ പരവൂരിലേക്ക് പോയി. പക്ഷേ, മനസമാധാനം നഷ്ടമായതോടെയാണ് ഞായറാഴ്ച്ച പുലർച്ചെ 12.30ഓടെ മുറിയിൽ ഗായത്രി മരിച്ച് കിടക്കുന്നതായുള്ള വിവരം ഹോട്ടലിലെ ലാൻഡ് ഫോണിലേക്ക് പ്രവീൺ തന്നെ വിളിച്ചറിയിച്ചത്. രാവിലെ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു പദ്ധതി.
പക്ഷേ അതിനിടയിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ തിരിച്ചറിഞ്ഞ ഷാഡോ സംഘം സ്റ്റേഷനിലേക്ക് വരുന്ന വഴി ഇയാളെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു. ഗായത്രിയുടെ മൊബൈൽ ഫോണും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.