ഗ്ലോബൽ സയൻസ് ഫെസ്റ്റിവെൽ ഡിസംബറിൽ; ലോഗോ പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആർട് സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. മന്ത്രി കെ.എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, അമ്യൂസിയം ട്രസ്റ്റിമാരായ ഡോ. അജിത്കുമാര്‍ ജി, ഡോ. രതീഷ് കൃഷ്ണന്, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, അമ്യൂസിയം ഗ്യാലറി മാനേജര്‍ രമ്യ വില്‍ഫ്രഡ് എന്നിവർ പങ്കെടുത്തു.
ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോത്സവത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനായി കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം താല്‍ക്കാലികമായി വിട്ടുനല്‍കും. രണ്ടുമാസം നീളുന്ന ശാസ്ത്രോല്‍സവത്തിനായി 2022ലെ സംസ്ഥാന ബജറ്റില്‍ നാല് കോടി രൂപ വകയിരുത്തിയിരുന്നു. 10 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയില്‍ ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയും കണ്ടെത്താനാണ് പദ്ധതി.
ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണ് പരിപാടിയുടെ സ്ക്രിപ്റ്റ് തയാറാക്കുന്നത്. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തുന്ന മേളയില്‍ ക്യൂറേറ്റ് ചെയ്ത വിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്സാണ് മുഖ്യ ആകർഷണം. ഇതിനായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയന് തയാറാക്കും. മെഗാ വാക്-ഇന്നുകൾ, ഡിജിറ്റൽ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമുകൾ, റെപ്ലിക്കകൾ, യഥാർഥ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കും.
രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ, കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. മ്യൂസിയം ഓഫ് മൂണ്‍ ഉള്‍പ്പെടെ രാജ്യാന്തര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും മ്യൂസിയങ്ങളുടെയും അന്താരാഷ്ട്ര ശാസ്ത്ര പ്രദർശന ഏജൻസികളുടെയും പങ്കാളിത്തമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.