പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി പൊലീസ് സംഘത്തിന് ‘ആടുജീവിതം’
text_fieldsതിരുവനന്തപുരം: മഹാരാഷ്ട്രയിൽനിന്ന് പഞ്ചാബിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർക്ക് ദുരിത ജീവിതം. മഹാരാഷ്ട്രയിൽ ഡ്യൂട്ടി കഴിഞ്ഞ 850 പേരടങ്ങുന്ന മലയാളികളായ സായുധ പൊലീസ് സേനാംഗങ്ങൾക്കാണ് ദുരിതം. മഹാരാഷ്ട്രയിലെ ദുരിത ജീവിതത്തിന്റെ വിവരം പുറത്തു വന്നപ്പോൾ ഡി.ജി.പി റിപ്പോർട്ട് തേടിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. പഞ്ചാബിൽ ജൂൺ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാണ് മഹാരാഷ്ട്രയിൽനിന്ന് സംഘത്തെ നിയോഗിച്ചത്.
പഞ്ചാബിലേക്ക് പോകാൻ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയ സേനാംഗങ്ങൾക്ക് ആവശ്യമായ യാത്രാസൗകര്യമൊരുക്കിയില്ല. രാത്രി വരെ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ശേഷമാണ് തൊട്ടടുത്ത ദിവസമാണ് ട്രെയിനെന്ന വിവരം അറിയിച്ചത്. അവിടെനിന്ന് ദുരിത പൂർണമായ യാത്രക്കു ശേഷം 45 ഡിഗ്രി ചൂടുള്ള പഞ്ചാബിൽ എത്തിയതോടെ കഷ്ടപ്പാട് ഇരട്ടിച്ചെന്ന് സേനാംഗങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൂടിനു പുറമേ കനത്ത പൊടിക്കാറ്റുള്ള സ്ഥലത്ത് മതിയായ താമസ സൗകാര്യം ഒരുക്കിയില്ല. പശുക്കളെ കൊണ്ടുപോകുന്ന വാഹനത്തിലാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പഞ്ചാബ് പൊലീസ് രാവിലെ എത്തും. ഡ്യൂട്ടിക്ക് കൊണ്ടു പോയി വൈകീട്ട് തിരിച്ചുവരുന്നതു വരെ വെള്ളവും ഭക്ഷണവും ലഭിക്കില്ല. അസുഖം ബാധിച്ചവർക്ക് മാറ്റം നൽകാനായി സാധാരണ 10 പൊലീസുകാരെ അധികം അനുവദിക്കാറുണ്ട്. ഇത്തവണ അതും ഇല്ലായിരുന്നു.
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 1518 പൊലീസുകാർക്ക് തപാൽ വോട്ട് സൗകര്യം ലഭിക്കാത്തത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.