സ്വര്‍ണക്കടത്തിന് വീണ്ടും വിമാനത്താവള ജീവനക്കാരുടെ ഒത്താശയെന്ന് സൂചന
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് വീണ്ടും ജീവനക്കാരിൽ ചിലർ ഒത്താശ നൽകുന്നതായി സൂചന. ശനിയാഴ്ച ഷാര്‍ജയില്‍നിന്നും എത്തിയ വിമാനത്തിലെ ടോയ്ലെറ്റിനുള്ളിൽ ഒരുകിലോയോളം സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാപ്ക്കിനില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചനിലയിലാണ് കണ്ടെത്തിയത്. യാത്രക്കാരെ ഇറക്കിയ ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഉടന്‍ ആഭ്യന്തര സർവിസിന് ഒരുങ്ങേണ്ട വിമാനമായിരുന്നു ഇത്.
എന്നാല്‍, രഹസ്യവിവരം ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ ഇറങ്ങിയ ഉടന്‍ വിമാനത്തില്‍ കടന്ന് പരിശോധന നടത്തിയതിനാൽ സ്വര്‍ണം പിടികൂടാനായി. അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സ്വര്‍ണം ശുചീകരണ ജീവനക്കാരുടെ സഹായത്തോടെ പുറത്തേക്ക് എത്തുമായിരുന്നു.
മുമ്പ് വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ശുചീകരണ തൊഴിലാളികള്‍ മുതല്‍ കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ ഒത്താശചെയ്തത് പുറത്തുവരുകയും വിവാദമാവുകയും ചെയ്തിരുന്നു.
വീണ്ടും ഇത്തരം ഇടപാടുകർ സജീവുമാവുന്നുവെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിക്കുന്നത്. കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പുറമേ, തമിഴ്നാട്ടിലെ ഇടപാടുകാരും സ്വര്‍ണക്കടത്തിന് തെരഞ്ഞടുത്തിരിക്കുന്നത് തിരുവനന്തപുരം വിമാനത്താവളത്തെയാണ്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് വിവാദമായതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ കള്ളക്കടത്തിലും കുറവുണ്ടായി. കോവിഡിന് തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതിനിടെ എയര്‍കസ്റ്റംസും, ഡി.ആര്‍.ഐയും ചേര്‍ന്ന് പിടികൂടിയത് 300 കിലോയില്‍ അധികം സ്വര്‍ണമാണ്.
കള്ളക്കടത്തു തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കലില്‍പെടാതിരിക്കാന്‍ സ്വര്‍ണക്കടത്തുകാര്‍ പുതിയ തന്ത്രങ്ങളാണ് പയറ്റുന്നത്. ഒരു കോടിയുടെ മൂല്യംവരുന്ന സ്വര്‍ണം കടത്തിയാലേ കോഫെപോസ നിയമപ്രകാരം നടപടിയെടുക്കാൻ കഴിയൂ. ഇല്ലെങ്കില്‍ ജാമ്യം നേടി പുറത്തിറങ്ങാം. ഇതു മുതലെടുത്ത് ഒരുകിലോക്ക് താഴെ തൂക്കം വരുന്ന സ്വര്‍ണമാണ് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ കാരിയര്‍മാര്‍ വഴി കടത്താന്‍ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.