കഠിനംകുളത്ത് കടകൾക്കുനേരെ ഗുണ്ടാ ആക്രമണം
text_fieldsകഠിനംകുളം: പുത്തൻതോപ്പ് ആശുപത്രി ജങ്ഷനിലെ കടകൾക്കുനേരെ ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് ആക്രമണമെന്നറിയുന്നു.
ഇറച്ചിക്കട നടത്തുന്ന ഹസനെയും സഹായി അസം സ്വദേശി അമീറിനെയും വെട്ടിപ്പരിക്കേൽപിച്ചു. കടയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പണം മുഴുവൻ അക്രമികൾ കൈക്കലാക്കുകയും കട തകർക്കുകയും ചെയ്തു.
സമീപത്തെ പച്ചക്കറി കടയുടമയായ സ്ത്രീ ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്ത് ബിൽഡിങ് ഡിസൈൻ സ്ഥാപനം നടത്തുന്ന കെട്ടിട ഉടമ കൂടിയായ ടിറ്റു ഐസക്കിനു നേരെയും സംഘം ആക്രമണം നടത്തി. ഭാര്യയുടെയും കുഞ്ഞിെൻറയും മുന്നിൽ വെച്ചാണ് ടിറ്റുവിനെ ആക്രമിച്ചത്.
പ്രദേശത്തെ മുഴുവൻ സ്ഥാപനങ്ങളിലും കയറി ഭീഷണി മുഴക്കിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്. ആക്രമണം നടത്തിയ ശേഷം കരിഞ്ഞ വയൽഭാഗത്തെത്തിയ ഇവർ യുവാക്കളോട് ബൈക്ക് ആവശ്യപ്പെട്ടു. നൽകാതിരുന്നപ്പോൾ അവരെയും ആക്രമിച്ചു. സംഭവത്തിൽ ചിറയ്ക്കൽ സ്വദേശി വൈശാഖിന് പരിക്കേറ്റു. വൈശാഖിെൻറ ആക്ടിവ സ്കൂട്ടറും തകർത്തു. അക്രമികളെ പൊലീസും നാട്ടുകാരും പിന്തുടർന്നെങ്കിലും ഇടവഴികളിലൂടെ രക്ഷപ്പെട്ടു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രാജേഷ്, അപ്പുക്കുട്ടൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിലാണ് ഇവർ ജയിൽ മോചിതരായത്. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.