സർക്കാർ ഭൂമി വിൽപനക്ക്; റവന്യൂവകുപ്പിന് അനക്കമില്ല
text_fieldsതിരുവനന്തപുരം: ജില്ലയിൽ പാവങ്ങൾക്ക് വിതരണം ചെയ്യാൻ ഭൂമി ഇല്ലെന്ന് വാദിക്കുമ്പോഴും മിച്ചഭൂമി വിൽപനക്ക് സ്വകാര്യ വ്യക്തികൾക്ക് സൗകര്യമൊരുക്കി റവന്യൂവകുപ്പ്. കോടതി നിർദേശിച്ച അഞ്ചര ഏക്കർ ഭൂമി ഏറ്റെടുക്കലിന് തയാറാകാതെയാണ് റവന്യൂവകുപ്പിന്റെ ഒത്താശ. തിരുവല്ലം വില്ലേജിൽ കോവളം ബൈപാസിന് സമീപമാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർഭൂമി സ്വകാര്യ വ്യക്തികൾ വിൽപനക്കുവെച്ചത്. നിയമവിരുദ്ധ ഇളവുകൾ അനുവദിച്ച് താലൂക്ക് ലാൻഡ് ബോർഡ് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഒറ്റപ്പാലം സ്വദേശികൾക്ക് നൽകിയിരുന്നു.
ഭൂപരിഷ്കരണ നിയമപ്രകാരം പ്രസ്തുത ഭൂമിക്ക് ലാൻഡ് ബോർഡ് നൽകിയ ഇളവുകൾ പുനഃപരിശോധിച്ച് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് ഹൈകോടതി വിധിച്ച് വർഷങ്ങളായിട്ടും റവന്യൂവകുപ്പ് നടപടി എടുത്തില്ല. ഹൈകോടതിവിധിക്കെതിരെ സ്വകാര്യവ്യക്തികൾക്ക് സുപ്രീംകോടതിയിൽ പോകാൻ അവസരമൊരുക്കിയ റവന്യൂവകുപ്പ് സുപ്രീംകോടതി നിർദേശവും അവഗണിച്ച് ഭൂമിവിൽപനക്ക് സൗകര്യമൊരുക്കുകയാണ്.
1.69 ഏക്കർ ഭൂമിയിൽ നിറയെ പാറയായതിനാൽ ഭൂപരിഷ്കരണനിയമപ്രകാരം ഏറ്റെടുക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. ഭൂമി പാറഖനനത്തിനും വാണിജ്യാവശ്യങ്ങൾക്കും ഉപയോഗിക്കുമെന്ന വാദം തള്ളിയ കോടതി ലാൻഡ് ബോർഡിന് ഇളവ് നൽകാനുള്ള അധികാരമില്ലെന്നും വിധിച്ചു. ഇളവ് പുനഃപരിശോധിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് 2010ലാണ് ഹൈകോടതി തീർപ്പാക്കിയത്. വിധിക്കെതിരെ ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചതിൽ അനുകൂലവിധി നേടാനായില്ല. മിച്ചഭൂമിയുണ്ടെങ്കിൽ ഏറ്റെടുക്കണം എന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. സർക്കാറുമായി കേസുള്ള മിച്ചഭൂമി വിൽപന പാടില്ല എന്ന നിയമം കാറ്റിൽപറത്തിയാണ് വിൽപനശ്രമം.
ഭൂപരിഷ്കരണനിയമത്തിലെ 84, 120 വകുപ്പുകൾ പ്രകാരം ഇത് അസാധുവാക്കാൻ ജില്ലകലക്ടർക്ക് അധികാരമുണ്ട്. സബ് രജിസ്ട്രാറാണ് നിരോധന ഉത്തരവ് നൽകേണ്ടത്. എന്നാൽ, റവന്യൂവകുപ്പിന്റെ അനാസ്ഥ മൂലം സർക്കാറിന് ലഭിക്കേണ്ട ഏക്കർകണക്കിന് ഭൂമി അന്യാധീനപ്പെടുകയാണെന്നും ഭൂമിവിൽപന തടയണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.