കിറ്റിന്റെ കമീഷൻ 'സേവന'മാക്കാൻ സർക്കാർ; പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട കമീഷൻ തുക 'സേവനമായി' കണ്ട് എഴുതിത്തള്ളാനുള്ള ഭക്ഷ്യവകുപ്പിെൻറ നീക്കത്തിനെതിരെ പ്രതിഷേധം കത്തുന്നു. കമീഷൻ നൽകിയില്ലെങ്കിൽ ആഗസ്റ്റിലെ ഓണക്കിറ്റ് വിതരണത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം കടയുടമകൾ രംഗത്തെത്തി. 2020 ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് കിറ്റ് വിതരണം ആരംഭിച്ചത്. ഇതുവരെ 12 മാസം കിറ്റ് വിതരണം ചെയ്തെങ്കിലും രണ്ടുമാസത്തെ കമീഷൻ മാത്രമാണ് വ്യാപാരികൾക്ക് ലഭിച്ചത്. കിറ്റ് ഒന്നിന് ഏഴ് രൂപയാണ് വ്യാപാരികൾക്ക് ആദ്യഘട്ടത്തിൽ കമീഷൻ പറഞ്ഞിരുന്നതെങ്കിലും ആദ്യമാസത്തെ വിതരണത്തിന് ശേഷം ഇത് അഞ്ച് രൂപയാക്കി.
എന്നാൽ ഇതുവരെ പകുതിമാസത്തെ കുടിശ്ശിക പോലും തീർത്തുനൽകാൻ സർക്കാർ തയാറായിട്ടില്ല. വ്യാപാരികളുടെ കമീഷൻ കൊടുത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. ഇതോടെയാണ് കഴിഞ്ഞദിവസം റേഷൻ വ്യാപാരി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കിറ്റ് വിതരണം ഒരു സേവനമായി കണ്ടുകൂടെെയന്ന് മന്ത്രി ചോദിച്ചത്.
560 കോടി രൂപയാണ് സർക്കാർ കിറ്റിനായി ഇതുവരെ ചെലവാക്കിയത്. 10 കോടിയോളം കിറ്റുകൾ സപ്ലൈകോ വഴി തയാറാക്കി നൽകിയതാണ് ഭക്ഷ്യവകുപ്പിെൻറ കണക്ക്.
എന്നാൽ കോവിഡ് കാലത്ത് നാടിെൻറ അതിജീവനത്തിന് സ്വന്തം ആരോഗ്യം പോലും മറന്ന് പണിയെടുത്ത റേഷൻ വ്യാപാരികളെ മറന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം വ്യാപാരികളും. കിറ്റിലെ ഇനങ്ങളിൽ പ്രധാന ഉൽപന്നമായ വെളിച്ചെണ്ണ, ഓയിൽ തുടങ്ങിയ സാധനങ്ങൾ പൊട്ടിപ്പോവാൻ സാധ്യതയുള്ളതിനാൽ കിറ്റ് സൂക്ഷിക്കാൻ വേണ്ടി മാത്രം 3000-5000 രൂപ മാസ വാടക നൽകിയാണ് ഓരോ വ്യാപാരികളും പ്രത്യേക കടമുറികൾ ഏറ്റെടുത്തത്. വിതരണം നടത്താൻ സഹായിയെയും നിയമിച്ചിരുന്നു. പലഘട്ടങ്ങളിലും സ്വന്തം കൈയിൽനിന്ന് കാശുമുടക്കി വ്യാപാരികൾ തന്നെയാണ് സപ്ലൈകോ ഔട്ട് ലെറ്റുകളിൽനിന്ന് കടകളിലേക്ക് കിറ്റുകൾ ഓട്ടോയിലും മറ്റുമായി എത്തിച്ചത്. കമീഷൻ ലഭിക്കുമെന്ന സർക്കാർ ഉറപ്പ് വിശ്വസിച്ച നൂറുകണക്കിന് വ്യാപാരികൾ നിലവിൽ വൻ കടബാധ്യതയിലാണ്. മന്ത്രി വിളിച്ചുചേർത്ത ചർച്ചയിൽ കമീഷൻ ആവശ്യപ്പെടാത്ത റേഷൻ വ്യാപാരി സംഘടന നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് വ്യാപാരികളുടെയും വാട്സ്ആപ് കൂട്ടായ്മയിൽ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ കമീഷൻ ലഭിക്കാൻ മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നേതാക്കൾ.
മന്ത്രിയുടെ ചോദ്യം പ്രതിഷേധാർഹം
കഴിഞ്ഞ ഓണത്തിന് വിതരണംചെയ്ത കിറ്റിന് സർക്കാർ ഏകപക്ഷീയമായി രണ്ടുരൂപ കുറച്ച് അഞ്ചുരൂപയാണ് നൽകിയത്. കോവിഡ് പ്രതിസന്ധിയിൽ ഇത്തരം ഒരു തീരുമാനം എടുത്തപ്പോഴും കാര്യമായ പ്രതിഷേധമോ സമരമാർഗങ്ങളോ സ്വീകരിക്കാതെ സർക്കാറിനൊപ്പം നിന്നവരാണ് റേഷൻ വ്യാപാരികൾ. പ്രതിസന്ധി കാലത്ത് സർക്കാറിനൊപ്പം നിന്ന് പ്രവർത്തിച്ച റേഷൻ വ്യാപാരികൾക്ക് കിറ്റിെൻറ പ്രതിഫലം ആവശ്യമുണ്ടോ എന്ന ഭക്ഷ്യമന്ത്രിയുടെ ചോദ്യം പ്രതിഷേധാർഹമാണ്.
ടി. മുഹമ്മദാലി (ജനറൽ സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.