‘ഗ്രെയ്സി'ക്ക് ത്വഗ് രോഗം; മരുന്ന് അമേരിക്കയിൽനിന്ന്
text_fieldsതിരുവനന്തപുരം: മൃഗശാലയിലെ ആറ് വയസ്സുകാരി ‘ഗ്രെയ്സി’ സിംഹത്തിന്റെ ചികിത്സക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തി. വർഷങ്ങളായി മരുന്നുകളോട് പ്രതികരിക്കാത്ത 'ക്രോണിക്ക് അറ്റോപിക്ക് ഡെർമറ്റൈറ്റിസ്' എന്ന ത്വഗ് രോഗമാണ് ഗ്രെയ്സിക്ക്.
കാലിന് പിറകിലെ രോമം കൊഴിയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ലബോറട്ടറി ഓഫിസർ ഡോ. സി. ഹരീഷ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് അമേരിക്കൻ നിർമിത മരുന്നായ ‘സെഫോവേസിൻ’ എന്ന അതിനൂതന ആന്റിബയോട്ടിക് ‘സൊയെറ്റിസ്’ എന്ന കമ്പനി വഴി മൃഗശാലയിൽ എത്തിച്ചത്.
ഒരു ഡോസിന് ശരാശരി 15000 രൂപ വിലവരുന്ന മരുന്നിന്റെ നാല് ഡോസുകളാണ് എത്തിച്ചത്. പുതിയ ചികിത്സ ആരംഭിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങൾ കുറഞ്ഞുവരുന്നതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ പറഞ്ഞു.
ഡോക്ടർമാരായ വി.ജി. അശ്വതി, അജു അലക്സാണ്ടർ, ഹരീഷ് എന്നിവരും ചികിത്സക്ക് നേതൃത്വം നൽകുന്നു. മൃഗശാലയിലെ ആയുഷ്, ഐശ്വര്യ എന്നീ സിംഹങ്ങളുടെ കുട്ടിയാണ് ഗ്രെയ്സി. ജന്മനാ പിൻകാലുകൾക്ക് സ്വാധീനം കുറവായതിനാൽ പ്രത്യേക പരിചരണം നൽകിയാണ് ഗ്രെയ്സിയെ വളർത്തിയെടുത്തത്.
രോഗം ഭേദമാകുന്ന മുറക്ക് ഗ്രെയ്സിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയുമായി മൃഗ കൈമാറ്റം നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പകരമായി മറ്റൊരു പെൺ സിംഹത്തിനെ വെണ്ടല്ലൂർനിന്ന് ഇവിടെ എത്തിക്കും. 'ബ്ലഡ് ലൈൻ എക്സ്ചേഞ്ച്' എന്ന ഈ പ്രക്രിയയിലൂടെ കൂടുതൽ ജനിതക ഗുണമുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാണ് ഇത്തരം കൈമാറ്റം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.