കൂട്ടിലായ കുരങ്ങ് ഉഷാറാണ്
text_fieldsതിരുവനന്തപുരം: രണ്ടാഴ്ചയോളം നഗരം ചുറ്റിയശേഷം പിടിയിലായ ഹനുമാൻകുരങ്ങ് മൃഗശാലക്കുള്ളിലെ കൂട്ടിൽ ഇപ്പോൾ ഉഷാറിലാണ്. മൃഗശാല ഡോക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. പ്രത്യേകം കൂട്ടിൽ പാർപ്പിച്ചിരിക്കുന്ന ഹനുമാൻ കുരങ്ങനെ രണ്ടാഴ്ചയോളമെങ്കിലും പ്രത്യേകം നീരീക്ഷിക്കാനാണ് തീരുമാനം. അതിന് ശേഷം ഇണക്കൊപ്പം ഒരു കൂട്ടിലേക്ക് മാറ്റും. അതിന് ശേഷം വീണ്ടും ദിർഘനാളത്തെ നീരീക്ഷണങ്ങൾക്കും ഇടപഴകലിനും ശേഷമായിരിക്കും തുറന്ന കൂട്ടിലേക്ക് വിടുക.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് കൊണ്ടുവന്ന രണ്ട് ഹനുമാൻ കുരങ്ങുകളിൽ പെൺകുരങ്ങാണ് ജൂൺ 13ന് കൂട്ടിൽനിന്ന് പുറത്തേക്ക് വിടുന്നതിനിടെ ചാടിക്കടന്നത്. 23 ദിവസങ്ങൾക്ക് ശേഷമാണ് വ്യാഴ്ച വൈകുന്നേരം അതിസാഹസികമായി മൃഗശാല കീപ്പർമാരായ അജിതനും സുജിജോർജും ചേർന്ന് വലയിലാക്കിയത്. വഴുതക്കാട് ആകാശവാണിക്ക് സമീപം സ്വകാര്യ ഭാഷാപഠനകേന്ദ്രത്തിൽ കീപ്പർമാരുടെ നീരീക്ഷത്തിലായിരുന്നു കുരങ്ങൻ. മുറിക്കുള്ളിൽ ജനലിന് സമീപം ഇഷ്ടഭക്ഷണം വെച്ച് കെണിയിലാക്കിയ ശേഷം വലയിലാക്കുകയായിരുന്നു.
മൃഗശാലയിൽ കൊണ്ടുവന്ന് പ്രത്യേകം കൂട്ടിലാണ് കുരങ്ങനെ പാർപ്പിച്ചിരിക്കുന്നത്. 23 ദിവസം നഗരത്തിന്റെ വിവിധഭാഗങ്ങളിൽ കറങ്ങി കൈയ്യിൽ കിട്ടിയ ഭക്ഷണവും മറ്റും കഴിച്ചതിനാൽ ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും വരാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. അതിനാലാണ് രണ്ടാഴ്ചയോളം നീണ്ട നീരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ കൊടുക്കുന്ന എല്ലാ ഇഷ്ടഭക്ഷണവും കഴിക്കുന്നുണ്ട്. കൂട്ടിനുള്ളിലാണെങ്കിലും ചാട്ടത്തിലും മറ്റ് ചലനങ്ങളിലും യാതൊരുവിധ പ്രയാസങ്ങളും കുരങ്ങനിൽ കാണാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.