തലസ്ഥാനത്തിന് വികസനത്തിന്റെ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ തലസ്ഥാനത്തിന് വികസനത്തിന്റെ പച്ചക്കൊടി. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, വിനോദസഞ്ചാരം, അടിസ്ഥാന വികസനം, ഗവേഷണ മേഖലകളിലുൾപ്പെടെ മികച്ച പരിഗണനയാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. തിരുവനന്തപുരം ഔട്ടർ റിങ് റോഡ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിവഴി 1000 കോടി രൂപ അനുവദിച്ചു. നാവായിക്കുളത്തു നിന്നുമാരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിലവസാനിക്കുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി നഗരത്തിലേക്ക് വരുന്ന ഏകദേശം എല്ലാ പ്രധാന റോഡുകളെയും ബന്ധിപ്പുകൊണ്ടാണ് കടന്നുപോകുന്നത്. 78.880 കി.മീറ്റർ നീളമുള്ള ഈ റോഡ് ഇപ്പോൾ നാലുവരിപ്പാതയും ആവശ്യം വന്നാൽ ഭാവിയിൽ ആറുവരിപ്പാതയായും വികസിപ്പിക്കാവുന്നതരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിന് ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 4500 കോടി ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന്‍റെ പകുതി ചെലവ് സംസ്ഥാനമാണ് വഹിക്കുന്നത്. ഇത് ഏകദേശം 1000 കോടിവരും. ഈ തുകയാണ് കിഫ്ബി മുഖേന ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം - അങ്കമാലി എം.സി റോഡ് വികസനത്തിനും ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. കൊല്ലം - ചെങ്കോട്ട റോഡ് വികസനമുൾപ്പെടുന്ന പദ്ധതിയിൽ കിഫ്ബി വഴി 1500 കോടിയാണ് അനുവദിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ തിരുവനന്തപുരവും ഭാഗമാകും. മൂന്നാംഘട്ടത്തിലാകും പദ്ധതി നടപ്പാക്കുക. തിരുവനന്തപുരത്ത് ഒരു സയൻസ് പാർക്കും സാങ്കേതിക സർവകലാശാലക്ക് സമീപത്തായി ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിക്കും. 200 കോടി മുതൽ മുടക്കിൽ രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് സയൻസ് പാർക്ക് നിർമിക്കുക. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ദേശീയപാത 66ന് സമാന്തരമായി സ്ഥാപിക്കുന്ന നാല് ഐ.ടി ഇടനാഴികളിലൊന്ന് ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിൽനിന്ന് കൊല്ലത്തേക്കാണ്. തിരുവനന്തപുരം - കൊല്ലം വിപുലീകൃത ഐ.ടി ഇടനാഴിയിൽ 5ജി ലീഡർഷിപ് പാക്കേജ് അവതരിപ്പിക്കും.
മെഡിക്കൽ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നതിനായി കിഫ്ബി വഴി 100 കോടി രൂപ അനുവദിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ലബോറട്ടറി സംവിധാനങ്ങൾക്കും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള വാക്‌സിൻ വികസിപ്പിക്കുന്നതിനും മോണോ ക്ലോണൽ ആന്റിബോഡി വികസനത്തിനുമായി 50 കോടി രൂപ അനുവദിച്ചു.374 കോടി രൂപ പദ്ധതി ചെലവിൽ സ്ഥാപിക്കുന്ന തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിന് 12 കോടി രൂപയുടെ ധനസഹായം ബയോടെക്‌നോളജി വകുപ്പ് അനുവദിച്ചു.
എയറോസ്‌പേസ്, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 20 ഏക്കർ സ്ഥലം കെ.എസ്.ഐ.ടി.ഐ.എല്ലിന് അനുവദിച്ചു. ഇതിനായി 50.59 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്തെ മ്യൂസിയം, ഗാലറി, സുവോളജിക്കൽ പാർക്ക് എന്നിവയുടെ പ്രവർത്തനത്തിനായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
- തിരുവനന്തപുരം ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും. കാൻസർ ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 81 കോടി
- മെഡിക്കൽ കോളജുകൾക്കും തിരുവനന്തപുരത്തെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താൽമോളജിക്കുമായി 250.7 കോടി
- വിഴിഞ്ഞം കാർഗോ തുറമുഖ വികസനത്തിന് 10 കോടി
- മരച്ചീനിയിൽനിന്ന് എഥനോൾ ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നതിന് തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന് രണ്ട് കോടി
- കഴക്കൂട്ടത്തുള്ള അസാപ് സ്കിൽ പാർക്കിൽ ഓഗ്മെന്റ് റിയാലിറ്റി / വിർച്വൽ റിയാലിറ്റി ലാബ്
- മേനംകുളത്ത് ജി.വി രാജ സെന്റർ ഫോർ എക്സലൻസ്
- തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി പുറന്തള്ളുന്ന മലിനജലത്തിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യക്കായി 23 കോടി
- ഡിജിറ്റൽ സർവകലാശാലക്ക് 26 കോടി
- ടെക്‌നോപാർക്ക് വികസനത്തിന് 26.6 കോടി
- കോവളം-കൊല്ലം-കൊച്ചി-ബേപ്പൂർ-മംഗലാപുരം-ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ക്രൂയിസ് ടൂറിസത്തിന് അഞ്ച് കോടി
- വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി
- കുടപ്പനക്കുന്നിലെ മൾട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രി ജില്ലതല റെഫറൽ യൂനിറ്റായി പ്രവർത്തിക്കും
- കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള സുസ്ഥിര വിതരണ ശൃംഖല തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ആരംഭിക്കും
- കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആഗോള ശാസ്ത്രോത്സവം സംഘടിപ്പിക്കും. ഇതിനായി നാല് കോടി
- നേമം നിയോജക മണ്ഡലത്തിലെ മധുപാലം നിർമാണത്തിന് ഒമ്പത് കോടി
- മുട്ടാറിന്റെയും കൈവഴികളുടെയും പുനരുദ്ധാരണത്തിന് മൂന്ന് കോടി
- കരമനയാറിലെ സംരക്ഷണ ഭിത്തി നിർമാണത്തിന് മൂന്ന് കോടി
- ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനും രണ്ടാം ഘട്ടമായി- 12 കോടി
- ഒരുവാതില്‍കോട്ട - വയമ്പാച്ചിറ - കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ - കുളത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ - പാറോട്ടുകോണം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മിക്കുന്നതിന് -35 കോടി
- തെറ്റിയാര്‍ തോട് മടവൂര്‍പ്പാറ മുതല്‍ നവീകരിക്കുന്നതിന്- 15 കോടി
- പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ചെറുവയ്ക്കല്‍ ഗവ. യു.പി സ്കൂളിനും കാട്ടായിക്കോണം ഗവ.യുപി സ്കൂളിനും കരിക്കകം ഗവ.ഹൈസ്കൂളിനും അഞ്ചുകോടി വീതം
- പാങ്ങപ്പാറ ദേശീയപാതയിലെ വളവ് നിവര്‍ത്തുന്നതിന് 10 കോടി
- കഴക്കൂട്ടം മണ്ഡലത്തിലെ കുളങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനുമായി 6.20 കോടി
- തുമ്പ വി.എസ്.എസ്.സി സ്റ്റേഷന് കടവ് ജങ്ഷന് വികസനത്തിനായി നാലുകോടി
- കാര്യവട്ടം-ചേങ്കോട്ടുകോണം റോഡ് നവീകരണത്തിന് 50 കോടി
- കഴക്കൂട്ടം-ശ്രീകാര്യം-ആക്കുളം സ്വീവേജ് പദ്ധതിക്ക് 50 കോടി
- കാര്യവട്ടം കേരള സര്‍വകലാശാലയുടെ റോഡിന് ഇരുവശത്തുമുള്ള കാമ്പസുകളെ ബന്ധിപ്പിച്ച് മേല്‍പാലമോ അടിപ്പാതയോ നിർമിക്കുന്നതിന് 25 കോടി
- പാണന്‍വിള - പാറോട്ടുകോണം - കരിയം റോഡ് നവീകരണത്തിന് അഞ്ചുകോടി
- കാട്ടായിക്കോണം, ചന്തവിള, കഴക്കൂട്ടം, പള്ളിത്തുറ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി 50 കോടി
- കാര്യവട്ടം ഗവ.കോളജ് ലേഡീസ് ഹോസ്റ്റല്‍ നിർമിക്കുന്നതിന് 12 കോടി
- മണ്ണന്തല എന്‍.സി.സി ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് രണ്ടാംഘട്ടമായി 10 കോടി
- കാര്യവട്ടം ഗവ.കോളജില്‍ പുതിയ അക്കാദമിക് ബ്ലോക് നിർമിക്കുന്നതിന് 12 കോടി
- മണ്‍വിളയില്‍ വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റലിന് 10 കോടി
ബജറ്റിൽ സമ്മിശ്ര പ്രതികരണം
തിരുവനന്തപുരം: കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദും വിശ്വാസ്യയോഗ്യമല്ലാത്ത വെറും പ്രഖ്യാപനമായ ബജറ്റ് എന്നതിലുപരി യുവ തലമുറയെ പരിഗണിക്കാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനും പറഞ്ഞു.
ആശ വർക്കർമാർ വേതന വർധനക്കുവേണ്ടി നടത്തിയ നിരന്തര സമരത്തെ തരിമ്പും വില കൽപിക്കാതെ അവഗണിച്ച സംസ്ഥാന ബജറ്റിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കേന്ദ്ര ബജറ്റ് അവഗണനക്കെതിരെ സമരം ആഹ്വാനം ചെയ്തവർതന്നെ സംസ്ഥാന ബജറ്റിൽ ആശ വർക്കർമാരോട് കാണിച്ച കടുത്ത അവഗണന, ഇവരുടെ ഇരട്ടത്താപ്പും കാപട്യവും തുറന്നു കാട്ടുന്നതാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതായി കേരള എൻ.ജി.ഒ സെന്‍റർ. ഇതിനെതിരെ പുതിയ സാമ്പത്തിക വർഷാരംഭത്തിൽ കരിദിനം ആചരിക്കുമെന്ന് കേരള എൻ.ജി.ഒ സെന്‍റർ സംസ്ഥാന പ്രസിഡന്‍റ് എം.കെ. മൊയ്തു, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, വട്ടിയൂർക്കാവ് രാജൻ, ജോഷി റസാദ് എന്നിവർ അറിയിച്ചു.
ബജറ്റില്‍ മില്‍മക്ക് 40.22 കോടി രൂപ അനുവദിച്ചതിനെ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതം ചെയ്തു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങളെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സ്വാഗതം ചെയ്തു.
ഇത് സംസ്ഥാനത്തെ ടെക്നോളജി ഇന്നവേഷന്‍, സ്കില്‍ അപ്ഡേഷന്‍, ടെക്നോളജി പാര്‍ക്കുകളുടെ വികസനം, ഇന്‍കുബേഷന്‍ സംവിധാനം എന്നിവ ശക്തിപ്പെടുത്തുമെന്ന് മിഷൻ ചൂണ്ടിക്കാട്ടി. ബജറ്റ് മഹാമാരിമൂലം തകർന്ന ടൂറിസം മേഖലക്ക് പുതിയ ഉണർവേകുമെന്ന പ്രതീക്ഷയാണെന്ന് ക്ലാസിഫൈഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ പറഞ്ഞു.
പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും -മന്ത്രി വി. ശിവന്‍കുട്ടി
നേമം: ബജറ്റില്‍ നേമത്തിന് ലഭിച്ച 16 കോടിയുടെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് നേമം എം.എല്‍.എ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മധുപാലം നിര്‍മാണത്തിന് ഒമ്പതുകോടി രൂപ ലഭിച്ചു. മുട്ടാറിന്റെയും കൈവഴികളുടെയും പുനരുദ്ധാരണത്തിന് മൂന്നുകോടി രൂപയാണ് അനുവദിച്ചത്. കരമനയാറിലെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചു. വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഷട്ടര്‍ സ്ഥാപിക്കാനും കാന നിര്‍മിക്കാനും ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബജറ്റില്‍ നേമം മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാമനപുരത്തിന് ബജറ്റില്‍ 12.5 കോടി
വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിന് ബജറ്റില്‍ നാല് പദ്ധതികള്‍ക്കായി ബജറ്റില്‍ 12.5 കോടി രൂപ വകയിരുത്തി. കല്ലറ പഞ്ചായത്തിലെ പ്ലാക്കോട് ചെമ്പന്‍കോട് റോഡിന് 3.5 കോടി രൂപയും പനവൂര്‍ പഞ്ചായത്തിലെ ചുള്ളിമാനൂര്‍ പനയമുട്ടം റോഡിന് നാല് കോടി രൂപയും നന്ദിയോട് പഞ്ചായത്തിലെ വട്ടപ്പന്‍കാട് ആലുങ്കുഴി ഇളവട്ടം റോഡിന് മൂന്ന് കോടി രൂപയും വാമനപുരം നദീ പുനരുജ്ജീവനത്തിന് രണ്ട് കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
വാമനപുരം നദി പുനരുജ്ജീവനത്തിന് രണ്ടുകോടി
നെടുമങ്ങാട്: വാമനപുരം നദി പുനരുജ്ജീവനത്തിന് ബജറ്റിൽ രണ്ടുകോടി അനുവദിച്ചു. പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽകൂടി 88 കിലോ മീറ്റർ ദൂരം ഒഴുകി അഞ്ചുതെങ്ങിൽ അവസാനിക്കുന്നതാണ് ഈ നദി. ഈ നദിയുടെ സമഗ്രമായ പുനരുജ്ജീവനത്തിന് വിശദമായ ഡി.പി.ആർ തയാറാക്കിയത് മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു.
വി.ശശി എം.എൽ.എ ചെയർമാനും ഡി.കെ. മുരളി എം.എൽ.എ കൺവീനറുമായ നദീജല സംരക്ഷണസമിതിയും മറ്റ് സാങ്കേതിക സമിതികളും രൂപവത്കരിച്ചിരുന്നു. നദിയുടെ പുനരുജ്ജീവന പദ്ധതിക്കായി നവകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
ഒ.പി ബ്ലോക്ക് നിർമിക്കാന്‍ രണ്ടുകോടി
വെള്ളറട: സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒ.പി ബ്ലോക്ക് നിർമിക്കാന്‍ രണ്ടുകോടി അനുവദിച്ചു.
പെരുങ്കടവിള പഞ്ചായത്തില്‍ മള്‍ട്ടി പര്‍പ്പസ് ടൗണ്‍ ഹാള്‍ നിർമാണത്തിന് മൂന്നുകോടിയും വകയിരുത്തി. പാറശ്ശാലയില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിർമിക്കാന്‍ അഞ്ച് കോടിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നെടുമങ്ങാട് വിവിധ പദ്ധതികൾക്കായി 15.75 കോടി രൂപ
നെടുമങ്ങാട്: ബജറ്റിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 15.75 കോടി രൂപ നീക്കിവെച്ചു. കരകുളം -മുല്ലശ്ശേരി റോഡ് നവീകരണത്തിന് നാലുകോടി രൂപയും നെടുമങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസ് നിർമാണത്തിന് 1.25 കോടി രൂപയും നെടുമങ്ങാട് റസ്റ്റ് ഹൗസ് രണ്ടാം ഘട്ട നിർമാണ തുടർച്ചക്ക് ഒരു കോടിയും തേക്കട-പനവൂർ റോഡ് നിർമാണത്തിന് അഞ്ചുകോടിയും വാവറഅമ്പലം -ശ്രീനാരായണപുരം റോഡ് നവീകരണത്തിന് രണ്ടരക്കോടിയും സ്റ്റേഡിയങ്ങളുടെ നവീകരണത്തിനും കരകുളം നീന്തൽകുളം നവീകരണത്തിനും ഓരോ കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.