കമീഷെൻറ നിർദേശം കാറ്റിൽ പറന്നു, കൊട്ടിക്കലാശം ആഘോഷിച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം കാറ്റിൽപറത്തി തലസ്ഥാനത്ത് അവസാനഘട്ട പ്രചാരണം പൊടിപൊടിച്ച് മുന്നണികളും സ്ഥാനാർഥികളും. ജില്ല ഭരണകൂടത്തെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു കോർപറേഷെൻറ 100 വാർഡുകളിലും വാർഡ് അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും റോഡ് ഷോയും കാൽനടപ്രചാരണ ജാഥയും ബൈക്ക് റാലിയും സംഘടിപ്പിച്ചത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദേശം കമീഷൻ നൽകിയത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് കമീഷണർ വി. ഭാസ്കരൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രവർത്തകരുടെ ആവേശത്തിനു മുന്നിൽ നിർദേശങ്ങളെല്ലാം നനഞ്ഞ പടക്കമായി മാറി.
ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവ ഒഴിവാക്കണമെന്നും പൊതുയിടങ്ങളിൽ ആൾക്കൂട്ടമായി വന്നുള്ള പ്രകടനം അനുവദിക്കില്ലെന്നും കലക്ടർ ഡോ. നവ്ജ്യോത് ഖോസ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. മുൻനിര നേതാക്കളടക്കം വൻ സന്നാഹവുമായി കാൽനട ജാഥകൾക്ക് നേതൃത്വം നൽകിയതോടെ കാഴ്ചക്കാരുടെ റോളിലായിരുന്നു ജില്ല ഭരണകൂടം.
പ്രചാരണത്തിെൻറ ഭാഗമായുള്ള റോഡ് ഷോക്കും വാഹന റാലിക്കും പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശമുണ്ടായിരുന്നെങ്കിലും തീരദേശമേഖലകളിലും നഗരത്തിെൻറ വിവിധ ജങ്ഷനുകളിലേക്കും പാർട്ടിയുടെയും സ്ഥാനാർഥിയുടെയും 'ശക്തി' തെളിയിച്ചുകൊണ്ട് നൂറുകണക്കിന് വാഹനങ്ങളാണ് കൊട്ടിക്കലാശം ആഘോഷിക്കാൻ രംഗത്തിറക്കിയത്.
സാധാരണ പാർട്ടികളുടെ കലാശക്കൊട്ടിന് വേദിയാകാറുള്ള പേരൂർക്കട ജങ്ഷനിൽ ഇത്തവണ കാര്യമായ പ്രകടനങ്ങൾ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.