ഉച്ചക്കുള്ള പരീക്ഷ രാവിലെ നടത്തി ജി.വി. രാജ സ്പോർട്സ് സ്കൂളിന്‍റെ 'ഫൗൾ പ്ലേ'
text_fieldsതിരുവനന്തപുരം: ഉച്ചക്കു ശേഷം നടത്തേണ്ട സ്കൂൾ വാർഷിക പരീക്ഷ രാവിലെ നടത്തിയതോടെ ചോദ്യങ്ങൾ നേരത്തേ പുറത്തായി. തിരുവനന്തപുരം മൈലത്ത് പ്രവർത്തിക്കുന്ന ഗവ. ജി.വി. രാജ സ്പോർട്സ് സ്കൂളിലാണ് ടൈംടേബിൾ തെറ്റിച്ച് പരീക്ഷ നടത്തി കുരുക്കിലായത്. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലും എസ്.സി.ഇ.ആർ.ടി തയാറാക്കിയ ഒറ്റ ടൈംടേബിളിലാണ് വാർഷിക പരീക്ഷ നടത്തുന്നത്. സ്കൂളിൽ ലഭിച്ച വ്യാജ ടൈംടേബിളാണ് പരീക്ഷ, സമയം മാറിനടത്തുന്നതിൽ വില്ലനായതെന്നാണ് സൂചന. വെള്ളിയാഴ്ച ഉച്ചക്കു ശേഷം രണ്ടു മുതലായിരുന്നു ഒമ്പതാം ക്ലാസിന്‍റെ സാമൂഹികശാസ്ത്രം, എട്ടാം ക്ലാസിന്‍റെ അടിസ്ഥാന ശാസ്ത്രം പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.
എന്നാൽ, ജി.വി. രാജ സ്കൂളിൽ രാവിലെ ഒമ്പതര മുതൽ രണ്ടു പരീക്ഷകളും നടത്തുകയായിരുന്നു. പരീക്ഷ തുടങ്ങിയ ശേഷമാണ് സ്കൂൾ അധികൃതർ ഉച്ചക്കു ശേഷമാണ് നടത്തേണ്ടതെന്ന വിവരമറിയുന്നത്. ഇതോടെ പരീക്ഷ കഴിഞ്ഞയുടൻ വിദ്യാർഥികളിൽനിന്ന് ഉത്തരപേപ്പറിനൊപ്പം ചോദ്യപേപ്പറും സ്കൂൾ അധികൃതർ തിരികെ വാങ്ങി. ചോദ്യം മറ്റ് സ്കൂളുകളിലെ കുട്ടികളിലേക്ക് എത്താതിരിക്കാൻ പരീക്ഷയെഴുതിയവരിൽനിന്ന് മൊബൈൽ ഫോണും വാങ്ങിവെച്ചു. വെള്ളിയാഴ്ച രാവിലെ പരീക്ഷ നടത്തുന്ന രീതിയിലുള്ള ടൈംടേബിളാണ് സ്കൂളിൽ ലഭിച്ചതെന്നാണ് ഹെഡ്മിസ്ട്രസിന്‍റെ വിശദീകരണം. ഹെഡ്മിസ്ട്രസ് തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡി.ഡി.ഇ) നൽകിയ വിശദീകരണത്തിനൊപ്പം നൽകിയ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടൈംടേബിളിന് താഴെ 'പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി'എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒപ്പിട്ടിട്ടില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ സഹിതം ഒപ്പിട്ട് മാർച്ച് അഞ്ചിന് പ്രസിദ്ധീകരിച്ച യഥാർഥ പരീക്ഷ ടൈംടേബിൾ സ്കൂളിന് ഇ-മെയിലിൽ ലഭിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധയിൽപെട്ടില്ലെന്നാണ് വിശദീകരണം.
ഹെഡ്മിസ്ട്രസിന്‍റെ ഈ വിശദീകരണം സഹിതം ഡി.ഡി.ഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ തുടർനടപടിയെടുക്കുമെന്ന് ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.