മണൽത്തരികളിൽ വിരിഞ്ഞത് ഹജ്ജ് തീർഥാടനം; ശ്രദ്ധേയനായി ചിത്രകാരൻ രാജമോഹനൻ
text_fieldsതിരുവനന്തപുരം: മഹത്വങ്ങളും ശ്രേഷ്ഠതകളും നിറഞ്ഞ വിശുദ്ധ ഹജ്ജ് തീർഥാടനത്തെ മണൽ ചിത്രമാക്കി ചിത്രകാരൻ പള്ളിച്ചൽ രാജമോഹനൻ. നിറങ്ങളോ വർണങ്ങളോ ചേർക്കാതെ കേരളത്തിനകത്തും പുറത്തുംനിന്ന് ശേഖരിച്ച കടൽമണൽ കൊണ്ടാണ് ചിത്രം പൂർത്തിയക്കിയത്. 22" x 32" വലിപ്പമുള്ള ഈ ചിത്രം ആറുഘട്ടങ്ങളായി ഏകദേശം നാലുവർഷത്തോളമെടുത്തു പൂർത്തിയാക്കാൻ.
ഇത് വലിയൊരു കഠിനാധ്വാനത്തിന്‍റെ സഫലീകരണം കൂടിയാണെന്ന് രാജമോഹനൻ 'മാധ്യമ'ത്തോട് പറഞ്ഞു. ലക്ഷദ്വീപിലെ മണൽത്തരികളാണ് ചിത്രത്തിൽ വെള്ള നിറത്തിനായി കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. ഇതിന് പുറമെ കന്യാകുമാരി, ശംഖുംമുഖം, ആലപ്പുഴ, പള്ളിപ്പുറം, അഴീക്കൽ, കോവളം എന്നീ കടൽത്തീരങ്ങളിൽനിന്ന് ശേഖരിച്ച മണലും മറ്റ് നിറങ്ങൾക്കായി ഉപയോഗിച്ചു. തദ്ദേശഭരണവകുപ്പ് എൻജിനീയറിങ് വിഭാഗത്തിൽ സീനിയർ ക്ലർക്കായ രാജമോഹനൻ ഔദ്യോഗിക ജോലിക്കുശേഷം കിട്ടുന്ന സമയത്താണ് മണൽ ചിത്രങ്ങൾ വരക്കുന്നത്.
അന്ത്യത്താഴം, ഉയർത്തെഴുന്നേൽപ്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങൾ, കോവിഡ് കാലത്തെ ബന്ധപ്പെടുത്തി വരച്ച മണൽ ചിത്രങ്ങൾ എന്നിവ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. വലിയ കാർഡ് ബോർഡിൽ ചിത്രങ്ങൾ വരച്ചശേഷം ഫെവികോൾ ഒഴിച്ച് അതിൽ മണൽ വിരിച്ചാണ് ചിത്രങ്ങൾ രൂപകൽപന ചെയ്യുന്നത്. ഓരോഘട്ടവും ചെയ്തശേഷം നല്ലപോലെ ഉണക്കിയശേഷമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ.
ഏറെ ശ്രദ്ധയും ക്ഷമയും വേണ്ട കലയാണ് മണൽ ചിത്രകലയെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് തീർഥാനകാലം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഈ ചിത്രം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.