സ്വതന്ത്രമായി വിഹരിച്ച് ഹനുമാൻ കുരങ്ങ്
text_fieldsതിരുവനന്തപുരം: പരീക്ഷണാർഥം മൃഗശാലയിലെ കൂട്ടിലേക്ക് വിടുന്നതിനിടെ ചാടി രക്ഷപ്പെട്ട ഹനുമാൻ കുരങ്ങ് ഒളിച്ചുകളി തുടരുന്നു. ആരോഗ്യനില ആശങ്കയിലെന്നും സൂചന. ഞായറാഴ്ച രാത്രിയോടെ കുരങ്ങ് മൃഗശാല വളപ്പിൽനിന്ന് വീണ്ടും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. തിങ്കളാഴ്ച മൃഗശാലവളപ്പിൽ കുരങ്ങിനെ കണ്ടെത്താനായില്ല. കനകനഗറിന് സമീപത്തെ പറമ്പിലെ മരത്തിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.
എന്നാൽ, ഇക്കാര്യം മൃഗശാല അധികൃതർ നിഷേധിച്ചു. കുരങ്ങിനെ സ്വതന്ത്രമായി വിട്ടിരിക്കുകയാണെന്നും എവിടെയും എപ്പോഴും പോകാമെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. കുരങ്ങൻ നന്നായി ഭക്ഷണം കഴിച്ചിട്ട് ഇപ്പോൾ ഒരാഴ്ചയോളമായി. മൃഗശാല അധികൃതർ മരത്തിന് മുകളിലും മറ്റും വെക്കുന്ന ഭക്ഷണം കുരങ്ങൻ കഴിക്കുന്നുണ്ടെന്ന് പറയുന്നെങ്കിലും പലപ്പോഴും കുരങ്ങൻ മൃഗശാല വളപ്പിന് പുറത്താണ്.
മാത്രവുമല്ല, വെക്കുന്ന ഭക്ഷണം മറ്റ് ജീവികൾ കഴിക്കാനുള്ള സാധ്യതയുമുണ്ട്. ഇത് വൈറസ്, ബാക്ടീരിയ ബാധക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. മൃഗശാലയുടെ അകത്തും പുറത്തുമായി ചാടിനടക്കുന്ന കുരങ്ങൻ മരങ്ങളിലെ കായ്കനികൾ കഴിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് കൂട്ടിൽനിന്ന് മാറി നടക്കുന്ന കുരങ്ങ് ഇനി തിരികെ കൂട്ടിൽ കയറാനുള്ള സാധ്യത കുറവാണ്.
മറ്റ് വഴികളിലൂടെ പിടിക്കാനുള്ള ആസൂത്രണങ്ങളും ഒന്നും നടക്കുന്നില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലേക്ക് ഹനുമാൻ കുരങ്ങ് മാറിയാൽ മറ്റ് മൃഗങ്ങളുടെയും ആളുകളുടെയും ഉപദ്രവങ്ങളും കുരങ്ങിന് നേരിടേണ്ടിവരും. തെരുവ് നായ്ക്കളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. എങ്കിൽ അതിന്റെ ജീവനുതന്നെ അത് ഭീഷണിയായേക്കും.
കുരങ്ങിന്റെ ജീവന് ഭീഷണി ഉയർന്നാൽ അത് മൃഗശാലയിലെ ഉന്നതരിലേക്ക് ചോദ്യമുന ഉയരും. അതും അധികൃതരെ വല്ലാതെ അലട്ടുന്നുണ്ട്. മുന്നൊരുക്കമില്ലാതെ കൂട്ടിലേക്ക് തുറന്നുവിട്ടതാണ് കുരങ്ങൻ ചാടിപ്പോകാൻ കാരണമെന്നും ബന്ധപ്പെട്ടവർക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ആരോപണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.