ഹരിത കർമസേനക്ക് കോർപറേഷന്റെ ആപ്പ്; അജൈവ മാലിന്യ സംസ്കരണം സ്വകാര്യ കമ്പനിക്ക് നൽകാൻ നീക്കം
text_fieldsതിരുവനന്തപുരം: ഹരിതകർമ സേനയെ ഒതുക്കി നഗരത്തിലെ അജൈവ മാലിന്യ സംസ്കരണം സ്വകാര്യ കമ്പനിക്ക് നൽകാൻ കോർപറേഷൻ നീക്കം. ഇതുസംബന്ധിച്ച് ഭരണസമിതി കൊണ്ടുവന്ന അജണ്ട പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തെ തുടർന്ന് പാസാക്കാതെ മാറ്റിവെച്ചു.
ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ എട്ടാം അജണ്ടയായാണ് വിഷയം കൗൺസിൽ മുമ്പാകെ എത്തിയത്. നഗരത്തിൽ അജൈവ മാലിന്യങ്ങൾ ക്രമാതീതമായി വർധിക്കുന്നതിനനുസരിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി ഊർജിതമായി നടക്കുന്നില്ലെന്ന വിമർശനമാണ് ഭരണസമിതി ഉന്നയിച്ചത്.
നിലവിൽ കോർപറേഷന്റെ 100 വാർഡുകളിലും അജൈവ മാലിന്യവും ശേഖരിക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമസേനയാണ്. കൃത്യമായി ഇടവേളകളില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്കരിക്കുകയാണ് ഇവരുടെ ചുമതല. അജൈവ മാലിന്യം ഹരിതകര്‍മ സേന ഗ്രീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്.
യൂസര്‍ ഫീ ഇനത്തില്‍ മാസം തോറും നല്കുന്ന തുകയാണ് വരുമാനം, യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാനാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്. ഇത്തരമൊരു സാഹചര്യത്തിൽ ടെണ്ടർ നടപടികൾ മറികടന്ന് സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നതിന് പിന്നിലെ അജണ്ടയായിരുന്നു ബി.ജെ.പി ചോദ്യം ചെയ്തത്.
കൂടാതെ മാലിന്യ സംസ്കരണത്തിനായി കോർപറേഷൻ കണ്ടെത്തിയ സൺ ഏജ് എക്കോ സിസ്റ്റം എന്ന കമ്പനി തട്ടിക്കൂട്ട് സ്ഥാപനമാണെന്നും യാതൊരു സാങ്കേതിക പരിശോധനയും ഇക്കാര്യത്തിൽ ഭരണസമിതി നടത്തിയിട്ടില്ലെന്നും ബി.ജെ.പി ആരോപിച്ചു.
2021 ജൂലൈ അഞ്ചിനാണ് സ്വകാര്യ ഏജൻസികളിൽനിന്ന് അജൈവ മാലിന്യ സംസ്കരണത്തിന് കോർപറേഷൻ താൽപര്യപത്രം ക്ഷണിച്ചത്. മൂന്ന് കമ്പനികൾ പങ്കെടുത്തെങ്കിലും ഇതിലൊരു കമ്പനിക്ക് സംസ്കരണ പ്ലാന്റ് ഇല്ലാത്തതിനാലും മറ്റൊരു കമ്പനിയെ താൽപര്യപത്രത്തിൽ കപ്പാസിറ്റി രേഖപ്പെടുത്തതിനെതുടർന്നും പുറത്താക്കി.
തുടർന്നാണ് 30 ടൺ ജൈവ മാലിന്യവും 10 ടൺ പ്ലാസ്റ്റിക്കും സംസ്കരിക്കാൻ കഴിവുള്ള സൺ ഏജ് എക്കോ സിസ്റ്റത്തെ തെരഞ്ഞെടുത്തത്. കൃത്യമായ പരിശോധനയില്ലാതെയാണ് ഭരണസമിതി സ്വാധീനത്തിലാണ് കമ്പനിക്ക് കരാർ നൽകിയെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആരോപിച്ചു.
100 വാർഡുകളുള്ളതിനാൽ ഗ്രീൻ കേരള കമ്പനിയെക്കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കില്ലെന്നും അതിനാലാണ് മറ്റൊരു ഏജൻസിയെ കൂടി സമീപിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എങ്കിലും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ടെണ്ടറിൽ കൂടുതൽ പരിശോധന നടത്താൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.