ഹാഷിഷ് വിൽപന: മൂന്ന്പേർക്ക് ജീവപര്യന്തവും ആറ് ലക്ഷം പിഴയും
text_fieldsതിരുവനന്തപുരം: ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിറ്റ കേസിൽ മൂന്ന് പ്രതികൾക്ക് 28 വർഷം കഠിന തടവും ആറ് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തമിഴ്നാട് തൂത്തുകുടി നാലാം തെരുവിൽ ബ്ലൂ പാലരായാർപൂരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി കാൽവരിമൗണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ സ്വദേശി ടി.എൻ.ഗോപി (74) എന്നിവരെയാണ്ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറിന്റെതാണ് ഉത്തരവ്.
6.36 കിലോ ഹാഷിഷ് മാലിദ്വീപുകാർക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 2018 സെപ്റ്റംബർ ഒന്നിനാണ് ഇവർ പിടിയിലായത്. പ്രോസിക്യൂഷൻ 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി.
വിചാരണവേളയിൽ, പ്രതികളെ കട്ടപ്പനയിൽ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്തു കേസിൽ ഉൾപ്പെടുത്തിയതാണെന്ന് തെളിയിക്കാൻ പ്രതിഭാഗം സി.സി ടിവി ഫൂട്ടേജ് അടക്കം ഹാജരാക്കിയിരുന്നു. മൂന്നാം പ്രതിയുടെ ഭാര്യയെയും മാധ്യമപ്രവർത്തകരെയും രണ്ടാം പ്രതിയേയും പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിന് ഉൾപ്പെട്ട 6.72 ലക്ഷം രൂപയും കണ്ടു കെട്ടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരി വച്ചു.
പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ്, അഭിഭാഷകരായ സി.പി. രഞ്ജു, ജി.ആർ. ഗോപിക, പി.ആർ. ഇനില രാജ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.