ഒന്നിച്ച് പഠിച്ചിറങ്ങി, അമ്മയും മകളും ഇനി ഒന്നിച്ച് കോടതിയിലും വാദിക്കും
text_fieldsതിരുവനന്തപുരം: മകൾക്കൊപ്പം പഠിച്ചിറങ്ങി, ഇനി ഒരുമിച്ച് ഇരുവരും കോടതിയിൽ വാദിക്കുകയും ചെയ്യും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് ഇനിമുതൽ മകൾ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂർ കോടതിയിൽ വക്കീൽ കുപ്പായമണിഞ്ഞ് വാദിക്കാനെത്തുക. കഴിഞ്ഞ മൂന്ന് വർഷം മകൾക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജിൽ െറഗുലർ ബാച്ചിൽ എൽഎൽ.ബി പഠിച്ചിറങ്ങിയ മറിയം മകൾക്കൊപ്പം കഴിഞ്ഞദിവസം ഹൈകോടതിയിൽ നടന്ന ഓഫ്ലൈൻ ചടങ്ങിൽ എൻറോൾ ചെയ്തിരുന്നു.
ഒമാനിൽ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂർ പള്ളിക്ക വീട്ടിൽ അഡ്വ. മാത്യു പി.തോമസിെൻറ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂർ കോളജിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. മക്കളുടെ പഠനാർഥമാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിൽ താമസിക്കുന്നത്. മകൻ തോമസ് പി. മാത്യു ബാംഗളൂരുവിൽ ബി.ബി.എ അവസാനവർഷ വിദ്യാർഥിയാണ്. 2016ൽ പ്ലസ് ടു കഴിഞ്ഞ മകൾ സാറാ എലിസബത്ത് ആ വർഷം തന്നെ തിരുവനന്തപുരം ഗവ.ലോ കോളജിൽ പഞ്ചവത്സര എൽഎൽ.ബി കോഴ്സിന് ചേർന്നു. പ്ലസ് ടു പഠനം പൂർത്തിയാക്കി മകൻ ബംഗളൂരുവിൽ ബി.ബി.എക്ക് ചേർന്നതോടെ ഫ്ലാറ്റിൽ തനിച്ചായ അമ്മയെ മകളാണ് എൽഎൽ.ബിക്ക് ചേരാൻ നിർബന്ധിച്ചത്.
അഡ്വ. മാത്യുവിെൻറ പിന്തുണകൂടി ആയതോടെ മറിയം മറ്റൊന്നും ആലോചിച്ചില്ല . ഉദാഹരണം സുജാത സിനിമയിലെ മഞ്ജുവാര്യരുടെ കഥാപാത്രം പോലെ മകളോടൊപ്പം പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് തിരുവനന്തപുരം ഗവ.ലോ കോളജിൽതന്നെ എൻട്രൻസ് എഴുതി പാസായി. 2018ൽ ത്രിവത്സര എൽഎൽ.ബിക്ക് ചേർന്നു. അമ്മയും മകളും ഒന്നിച്ചാണ് കോളജിൽ പോയതും പഠിച്ചതും പരീക്ഷ പാസായതും. വക്കീലന്മാർ ധാരാളമുള്ള കുടുംബത്തിൽ അമ്മയും മകളും ഒരേദിവസം സന്നതെടുത്തത് ഇതാദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തുതന്നെ പ്രാക്ടീസ് നടത്താനാണ് അമ്മയുടെയും മകളുടെയും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.