തലസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം
text_fieldsതിരുവനന്തപുരം: ജില്ലയിൽ നാശം വിതച്ച് കനത്ത മഴ. ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ രാത്രിയും തുടർന്നു.
നഗരത്തിൽ കനത്ത നാശമുണ്ടായില്ലെങ്കിലും ഗ്രാമീണ മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മരങ്ങൾ കടപുഴകി വീണു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
മഴ കനത്തതോടെ കരമനയാറിെൻറയും കിള്ളിയാറിെൻറയും നിെരാഴുക്ക് വർധിച്ചു. മഴ തുടർന്നാൽ നിലവിൽ രണ്ടു ഷട്ടറുകൾ ഉയർത്തിയ അരുവിക്കര ഡാമിെൻറ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത രണ്ടുദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
നഗരത്തിൽ കനത്ത മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം പ്രദേശങ്ങളിൽ മേയർ കെ. ശ്രീകുമാർ സന്ദർശനം നടത്തി.
മഴയെ തുടർന്ന് പുന്നയ്ക്കാമുകൾ വാർഡിലെ ഊരുട്ട് തെക്കത് പ്രദേശത്തെ ഓടയും സ്വകാര്യവ്യക്തികളുടെ മതിലുകളും തൃക്കണ്ണാപുരം വാർഡിലെ കൈതക്കോണം മാലയ്ക്കൽ കുളത്തിന് സമീപമുള്ള ഓടയും റോഡും തകർന്ന അവസ്ഥയിലാണ്. മഴ മാറിയാൽ ഉടൻ തകർന്ന ഓടകളുടെയും റോഡുകളുടെയും പുനർനിർമാണം ആരംഭിക്കുമെന്ന് മേയർ അറിയിച്ചു. കൗൺസിലർമാരായ ആർ.പി. ശിവജി, തൃക്കണ്ണാപുരം അനിൽ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു
മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാന തീരങ്ങളിൽ 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. പേട്ട, ചാക്ക, ഊറ്റുകുഴി ജങ്ഷൻ, തമ്പാനൂർ, മണക്കാട്, പൂജപ്പുര, പഴവങ്ങാടി ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. പൂജപ്പുര, കാര്യവട്ടം, ചിറക്കുളം, സ്റ്റാച്യു, മൂലവിളാകം എന്നിവിടങ്ങളിൽ മരം വീണു. അഗ്നിശമനസേന എത്തിയാണ് ഇവ മുറിച്ച് നീക്കിയത്.
അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം : ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നിലവിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പേട്ട വില്ലേജിൽ രണ്ടു കുടുംബങ്ങളേയും ചിറയിൻകീഴ് മൂന്നു കുടുംബങ്ങളേയുമാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടൽക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിനു തടസം നേരിടുന്നു.
മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അടിയന്തര നടപടികൾക്കു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂർണ സജ്ജമാണെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.