മഴ ശമിച്ചെങ്കിലും കന്യാകുമാരിയിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ശമിച്ചെങ്കിലും ജില്ലയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. രണ്ട് പേർ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചു. ഒരാളെ വെള്ളത്തിൽ വീണ് കാണാതായി. അഞ്ച് വീടുകൾ പലസ്ഥലങ്ങളിലായി തകർന്നു. അഞ്ഞൂറോളം പേരെ അഭയാർഥി ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. പരക്കെ കൃഷി നാശവും ഉള്ളതായാണ് വിവരം.
കുളച്ചൽ കുറുംപന സ്വദേശി പ്ലസ് ടു വിദ്യാർഥിയായ നിഷാൻ(17) വള്ളിയാറ്റിലെ തടുപ്പണയിൽ കുളിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്. കുഴിത്തുറ സ്വദേശി ജെബിൻ (17) കുഴിവിളാകത്ത് ബന്ധുവീട്ടിൽ പോയപ്പോൾ അടുത്തുള്ള കുളത്തിൽ വീണ് മരിച്ചു. തിരുവട്ടാർ സ്വദേശി ചിത്തിരവേൽ (39) അമ്മയു വീട്ടിൽ പോകാൻ എത്തി കാളികേശത്തെ ആറ് കടക്കുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് വീടുകൾ പൂർണമായി തകർന്നു. പത്ത് സ്ഥലങ്ങളിൽ 116 കുടുംബങ്ങളിൽ നിന്നുള്ളവരെ പാർപ്പിച്ചു. പശ്ചിമഘട്ടത്തിലെ മഴ കാരണം പേച്ചിപ്പാറ, പെരുഞ്ചാണി, ചിറ്റാർ ഒന്ന്, രണ്ട്, മുക്കടൽ ഡാം തുടങ്ങി എല്ലാം കവിഞ്ഞെഴുകയാണ്. തിരുപ്പതിസാരം, ദർശനംകോപ്പ് എന്നിവിടങ്ങളിൽ നെൽപ്പാടത്ത് വെള്ളം കയറി. റബ്ബർ കൃഷിയും ബാധിച്ചു. കുലശേഖരം - പേച്ചിപ്പാറ റോഡ് തകർന്നതുകാരണം ജനങ്ങൾ വീടുകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടി.
ജില്ലയിൽ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങൾ കലക്ടർ സന്ദർശിച്ചു. കഴിഞ്ഞുറ താമ്രപർണി നദിക്കരയിൽ കഴിയുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. യഥാർത്ഥ നാശനഷ്ട വിവരങ്ങൾ മഴവെള്ളം പൂർണ്ണമായി മാറിയ ശേഷമേ അറിയാൻ കഴിയുകയുള്ളു. അപകടങ്ങളിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനയും പൊലീസും മറ്റ് വിവിധ വകുപ്പുകളും എപ്പോഴും തയ്യാർ നിലയിലാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.