കനത്ത മഴ; നദികളിൽ ജലനിരപ്പുയർന്നു
text_fieldsതിരുവനന്തപുരം: കനത്തമഴയിൽ കുതിർന്ന് തലസ്ഥാന ജില്ല. വ്യാഴാഴ്ച രാത്രിയോടെ ശക്തി പ്രാപിച്ച മഴ വെള്ളിയാഴ്ച പകലും തുടർന്നു. നഗര-ഗ്രാമഭേദമില്ലാതെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിൽ മഴ കനത്തതോടെ നദികളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ജലസേചന വകുപ്പിന്റെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വാമനപുരം നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ദേശീയപാത ബൈപാസിനോടനുബന്ധിച്ച സർവിസ് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം ദുഷ്കരമാക്കി. സ്മാർട് സിറ്റി റോഡ് നിർമാണം നടക്കുന്ന തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളിലും മഴയും വെള്ളക്കെട്ടും ജനങ്ങളെ വലച്ചു.
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടർന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം വെള്ളിയാഴ്ച രാത്രിയോടെ ഉയർത്തി. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകിയിരുന്നു.
ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും 60 സെന്റീമീറ്റർ ഉയർത്തി. പ്രളയ സാധ്യത ഒഴിവാക്കാൻ വേളി, പൂന്തുറ പൊഴികൾ മുറിച്ചു. ജില്ല ഭരണകൂടത്തിന്റെ നിർദേശ പ്രകാരമാണിത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ വെളളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, കടലോര- കായലോര- മലയോര മേഖലകളിലേക്കുള്ള അവശ്യസർവിസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ച് കലക്ടർ അനു കുമാരി ഉത്തരവിട്ടു.
കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
മന്ത്രി അടിയന്തരയോഗം വിളിച്ചു
തിരുവനന്തപുരം: മഴ വീണ്ടും കനത്തതോടെ ജില്ലയിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇതുവരെയുള്ള മഴയിൽ കാര്യമായ നാശനഷ്ടങ്ങളോ വെള്ളക്കെട്ടോ ഉണ്ടായിട്ടില്ലെന്ന് ഉണ്ടായിട്ടില്ലെന്ന് കലക്ടർ അനുകുമാരി അറിയിച്ചു.
അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതവും നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റിമീറ്റർ വീതവും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിൽ ഷട്ടർ തുറക്കേണ്ട സാഹചര്യം നിലവിലില്ല. പൂവാറിലും വേളിയിലും പൊഴിമുറിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജരാകാൻ ജില്ലാ ഭരണകൂടത്തിനും തഹസിൽദാർമാർക്കും വില്ലേജ് ഓഫിസർമാർക്കും മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
നെടുമങ്ങാട് താലൂക്കിൽ ആറ് വീടുകൾ ഭാഗികമായും കാട്ടാക്കട താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നു. കേന്ദ്ര-സംസ്ഥാന കാലാവസ്ഥ മുന്നറിയിപ്പുകൾ കരുതിയിരിക്കാൻ നിർദേശം നൽകി. ജില്ലയിൽ ക്വാറി ഖനനം താൽക്കാലികമായി നിർത്തിവെച്ചു. മലയോര ടൂറിസം മേഖലകൾ താൽക്കാലികമായി അടച്ചിടും. കലക്ടർ അനു കുമാരി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, നഗരസഭാ സെക്രട്ടറി ജഹാംഗീർ, ഡെപ്യൂട്ടി കലക്ടർ അജയകുമാർ, തഹസിൽദാർ എം.എസ് സാജു തുടങ്ങിയവർ പങ്കെടുത്തു.
വിളിക്കാം
തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ ജില്ല ഭരണകൂടം പുറത്തുവിട്ടു.
ജില്ലാ ഡി.ഇ.ഒ.സി -0471 2779000, 2730063, 2730045. മൊബൈൽ: 9497711281. താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ: തിരുവനന്തപുരം - 04712462006, 9497711282. നെയ്യാറ്റിൻകര - 0471 2222227, 9497711283, കാട്ടാക്കട - 0471 2291414, മൊബൈൽ - 9497711284, നെടുമങ്ങാട് - 0472 2802424, 9497711285. വർക്കല -0470 2613222, 9497711286, ചിറയിൻ കീഴ് - 0470 2622406, 9497711287.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.