തോരാതെ മഴ; ദുരിതമേറി
text_fieldsതിരുവനന്തപുരം: ജില്ലയിൽ മഴ കനത്തതോടെ ദുരിതമേറി. റോഡുകളടക്കം താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. ആറുകളിലും ജലാശയങ്ങളിലും ജലനിരപ്പുയരുകയാണ്. വയലുകളും തോടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. തീരമേഖലയും പ്രക്ഷുബ്ധമാണ്.
അഞ്ചുതെങ്ങിൽ ശക്തമായ തിരയിൽപെട്ട് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. മുട്ടത്തറയിൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളിലെ 12 പേരെ പൊന്നറ യു.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സജീവൻ നഗറിലുള്ള കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ റോഡുകളടക്കം വെള്ളത്തിലായി. മഴ ശക്തമായത് കാൽനടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും വലച്ചു. നഗരത്തിൽ ഗതാഗതക്കുരുക്കിനും ഇടയാക്കി.നിർത്താതെപെയ്ത മഴക്ക് വൈകീേട്ടാടെയാണ് അൽപം ശമനമുണ്ടായത്. നഗരത്തിൽ ഗൗരീശപട്ടം, പാൽകുളങ്ങര, അമ്പലത്തറ, കുന്നുകുഴി ബണ്ട് പ്രദേശം, പുത്തൻപാലം, മണക്കാട് എന്നിവിടങ്ങളിലാണ് വലിയ വെള്ളക്കെട്ടുണ്ടായത്.
കരമന യമുന നഗറിൽ വീടുകളിലേക്ക് വെള്ളംകയറി. ഇവിടെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമല്ല. അതേസമയം അമ്പലത്തറ മേഖലയിൽ വീടുകളിലേക്ക് വെള്ളംകയറി. ഇവിടങ്ങളിലെ ഏതാനുംപേരെ ബന്ധുവീടുകളിലേക്ക് മാറ്റി. അട്ടക്കുളങ്ങര ബൈപാസ് മേഖലയിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
മലയോര മേഖലയില്‍ മഴ കനത്തതോടെ കൃഷിനാശവും വർധിച്ചു. പലയിടങ്ങളിലും റബര്‍, വാഴ കൃഷികള്‍ക്ക് നാശമുണ്ടായി. മഴക്കൊപ്പം ശക്തമായ കാറ്റും അപകടഭീതി ഉയര്‍ത്തുന്നുണ്ട്. വൈദ്യുതികമ്പികള്‍ പൊട്ടിവീഴുന്നത് വൈദ്യുതിബന്ധം പലപ്പോഴും തകരാറിലായി. കടവുകളില്‍ വെള്ളം നിറയുന്നത് വനവാസി ഊരുകള്‍ ഒറ്റപ്പെടുമെന്ന ആശങ്കയുണർത്തുന്നു.
മഴക്കൊപ്പം മണ്ണിടിച്ചില്‍ ഭീതിയും മലയോര ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കഴക്കൂട്ടം ടെക്നോപാർക്കിന് എതിർവശത്തെ റോഡിൽ വലിയതോടിന് സമാനം വെള്ളം കയറി. വലിയ കുഴിയാണ് റോഡിൽ ഇൗ ഭാഗത്തുള്ളത്. വിവരം അറിയാതെയെത്തുന്ന വാഹനങ്ങളാണ് കുഴിയിൽപെട്ടത്. ബൈക്ക് യാത്രക്കാരും ഇൗ കുഴിയിൽ വീണു. ശ്രീവരാഹം പറമ്പിൽ മേഖലയിൽ കനത്തവെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
കടൽക്ഷോഭവും ശക്തമാവുകയാണ്. മണിക്കൂറിൽ 45 മുതൽ 50 കിേലാമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തീരത്തുള്ളവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഴ കനത്തതോടെ കരമന, കിള്ളിയാറുകളിലെ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്്. ഗ്രാമീണ മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മരങ്ങൾ കടപുഴകി. അരുവിക്കര ഡാമിെൻറ നാലാമത്തെ ഷട്ടർ ഉച്ചക്ക് ഒരുമണിയോടെ ഉയർത്തി.
നഗരത്തിൽ പെയ്തത് 10 സെ.മീറ്റർ മഴ
കാലാവസ്ഥ കേന്ദ്രത്തിെൻറ കണക്കുപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ 14 സെ.മീറ്ററും നഗരത്തിൽ 10 സെ.മീറ്ററും മഴയാണ് രേഖപ്പടുത്തിയത്. വർക്കലയിൽ ആറ് സെ.മീറ്ററും നെയ്യാറ്റിൻകരയിൽ അഞ്ച് സെ.മീറ്ററും നെടുമങ്ങാട് ഒരു സെ.മീറ്ററും മഴ റിപ്പോർട്ട് ചെയ്തു. തീരമേഖലകളിൽ 2.8 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൺട്രോൾ റൂം
കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂമിന് പുറമെ 25 അംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. നഗരസഭ ഹെൽത്ത് സർക്കിൾ ഓഫിസുകളിൽ 24 മണിക്കൂറും ജീവനക്കാർ ഉണ്ടാകും. അടിയന്തര സഹായങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ: 9496434488, 9947143605.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.