കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
text_fieldsതിരുവനന്തപുരം: ജില്ലയില്‍ ബുധനാഴ്ച രാവിലെ മുതല്‍ പെയ്ത കനത്തമഴയില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭപ്പെട്ടു. താഴ്ന്ന ഇടങ്ങളിൽ വെള്ളംകയറി.
ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. മരുതൂര്‍ക്കോണം, പാങ്ങോട്, കരമന തളിയല്‍ ക്ഷേത്രത്തിന് സമീപം, തമ്പാനൂര്‍, ഊളന്പാറ, പേരൂര്‍ക്കട തുടങ്ങി ഒന്‍പതിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ആനയറ മുഖക്കാട് ലൈനില്‍ വീടിന് സമീപത്ത് മണ്ണിടിഞ്ഞുവീണു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. വീട്ടുകാര്‍ ചാക്ക അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിർദേശിച്ചു.
രാത്രി ഏഴോടെ പടിഞ്ഞാറേക്കോട്ടയുടെ കരിങ്കല്‍പ്പാളികള്‍ അപകടകരമായ രീതിയില്‍ ഇളകിവീണു. കാല്‍നടയാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലാണ് പാളികള്‍ ഇളകിവീണത്. അപകടസാധ്യത കണക്കിലെടുത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ കയറുകെട്ടി ക്രമീകരണം ഏര്‍പ്പെടുത്തി.
കൺട്രോൾ റൂം
തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ മഴക്കെടുതി വിവരങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം സജീവമായി. 0471-2317214 ആണ് നമ്പർ. മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിൽ, വെള്ളക്കെട്ടുകൾ, മറ്റ് പ്രശ്നങ്ങൾ, പെട്ടെന്നുണ്ടാവുന്ന പകർച്ചവ്യാധികൾ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാം.
കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണു
കഴക്കൂട്ടം: ശക്തമായ മഴയിലും കാറ്റിലും കഴക്കൂട്ടം മഹാദേവർ ക്ഷേത്രം പടിഞ്ഞാറേ നട റോഡിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു. ഇന്നലെ വൈകിട്ട് നാലോടെയാണ് സ്വകാര്യ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡ് വൈദ്യുതി തൂണും കേബിളും തകർത്ത് റോഡിൽ പതിച്ചത്. സമീപത്തെ മതിലിൽ തട്ടി നിന്നതിനാൽ അപകടം ഒഴിവായി.
നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കാര്യമായ സുരക്ഷയൊരുക്കാതെ സ്ഥാപിച്ച ബോർഡാണ് കോൺക്രീറ്റ് അടിത്തറയോടെ നിലം പൊത്തിയത്. രാത്രി ക്രെയ്ൻ ഉപയോഗിച്ച് ബോർഡ് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.