കനത്ത മഴയും ഗതാഗത തടസ്സവും; ഉദ്യോഗാർഥികള്‍ പലർക്കും പി.എസ്.സി പരീക്ഷക്കെത്താനായില്ല
text_fieldsതിരുവനന്തപുരം: ശക്തമായ മഴയും ഗതാഗതതടസ്സവും കാരണം തലസ്ഥാന ജില്ലയിലും സമീപപ്രദേശങ്ങളിലും ഉദ്യോഗാർഥികള്‍ക്ക് പി.എസ്.സി പരീക്ഷക്കെത്താനായില്ല. മിനിറ്റുകള്‍ മാത്രം വൈകിയവരെപ്പോലും പരീക്ഷയെഴുതിക്കാതെ അധികൃതര്‍ മടക്കി.
ദേശീയപാതയിൽ നെയ്യാറ്റിൻകര മരുതൂർ തോടിന് കുറുകെയുള്ള പാലം ഭാഗികമായി തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും തിരിച്ചുവിട്ടിരുന്നു. ഇതുകാരണം നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിലെ പരീക്ഷകേന്ദ്രങ്ങളിലേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ നന്നേവലഞ്ഞു. പലരും മറ്റു റോഡുകൾ വഴി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് എത്തിയത്.
പക്ഷേ, സമയം വൈകിയതോടെ പലർക്കും പരീക്ഷയെഴുതാനായില്ല. തിരുവനന്തപുരത്ത് കാഞ്ഞിരംകുളം, പൂവാര്‍ മേഖലകളില്‍ ചില സ്കൂളുകള്‍ക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി.
പൊലീസെത്തിയാണ് ഉദ്യോഗാർഥികളെ മടക്കിയയച്ചത്. ബിരുദം യോഗ്യതയുള്ള തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷയാണ് ശനിയാഴ്ച പി.എസ്.സി 14 ജില്ലകളിലായി നടത്തിയത്. ഒക്ടോബര്‍ 23 ന് നിശ്ചയിച്ച പരീക്ഷ മഴക്കെടുതി കാരണം ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 1500ഓളം കേന്ദ്രങ്ങളിലായി 3.63 ലക്ഷം പേര്‍ക്കാണ് പരീക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയത്.
തിരുവനന്തപുരത്ത് രാവിലെമുതല്‍ വലിയ മഴയായതിനാല്‍ മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ സ്വന്തം വാഹനങ്ങളാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഉപയോഗിച്ചത്. അതിനാല്‍ റോഡുകളില്‍ വലിയ തിരക്കുണ്ടായി. ഇരുചക്രവാഹനങ്ങളില്‍ നനഞ്ഞെത്തിയവരും പരീക്ഷയെഴുതി. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷസമയം. കൃത്യം 1.30ന് തന്നെ പരീക്ഷാകേന്ദ്രങ്ങളുടെ ഗേറ്റ് പൂട്ടണമെന്നാണ് പി.എസ്.സിയുടെ നിർദേശം. വൈകിയെത്തിയവരുടെ അപേക്ഷ അധികൃതര്‍ സ്വീകരിച്ചില്ല.
കൊല്ലം ജില്ലയിലെ ചില കേന്ദ്രങ്ങളിലും സമാന സംഭവങ്ങളുണ്ടായി. മറ്റ് ജില്ലകളില്‍ പരീക്ഷ സുഗമമായി നടന്നുവെന്നാണ് പി.എസ്.സി അറിയിച്ചത്. അതേസമയം, ഇതു സംബന്ധിച്ച് ഉദ്യോഗാർഥികളുടെ പരാതികൾ കിട്ടിയിട്ടില്ലെന്നും പരാതി ലഭിക്കുകയാണെങ്കിൽ കമീഷൻ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നും പി.എസ്.സി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.