‘നഗരമടച്ച്’കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ വൻ സുരക്ഷ. സിറ്റി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 1500 ഓളം പൊലീസുകാരാണ് നഗരത്തിൽ സുരക്ഷയൊരുക്കുന്നത്. പുറമെ കേന്ദ്ര സുരക്ഷാ ഏജൻസികളുടെയും ആർ.പി.എഫിന്റേയുമുൾപ്പെടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി കടന്നുപോകുന്ന തമ്പാനൂർമുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള വഴികളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ഈ മേഖലയിലെ കടകളും അടച്ചിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി.
സെക്രട്ടേറിയറ്റിനുള്ളിൽ ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാരെ കർശന പരിശോധനക്ക് ശേഷമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. നഗരത്തിലേക്ക് വരുന്ന വാഹനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്.
കർശന പരിശോധനയുമുണ്ടാകും. തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിലെ പാർക്കിങ് തിങ്കളാഴ്ച മുതൽ നിയന്ത്രിച്ചു. ചൊവ്വ രാവിലെ എട്ട് മുതൽ പകൽ 11 വരെ ടെർമിനൽ പൂർണമായി അടച്ചിടും. വികാസ്ഭവനിൽ നിന്നാകും ബസുകൾ സർവിസ് നടത്തുക. തമ്പാനൂരിലും പരിസരപ്രദേശത്തുമുള്ള കടകൾ തുറക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനകത്തെ കടകൾ രണ്ട് ദിവസമായി തുറക്കുന്നില്ല.
ചൊവ്വാഴ്ച രാവിലെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളുടെ സമയത്തിലും മാറ്റമുണ്ട്. പരീക്ഷകൾ ഉച്ചക്ക് രണ്ടരമുതൽ വൈകീട്ട് നാലരവരെയായി പുനഃക്രമീകരിച്ചു.
നഗരത്തിൽ രാവിലെ ഏഴുമുതൽ പകൽ രണ്ടുവരെ ഗതാഗത നിയന്ത്രണവുമുണ്ട്. ശംഖുംമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾ സെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പഞ്ചാപുര, ആർ.ബി.ഐ, ബേക്കറി ജങ്ഷൻ, പനവിള, മോഡൽ സ്കൂൾ ജങ്ഷൻ.
അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ റോഡിലും ബേക്കറി ജങ്ഷൻ, വാൻറോസ്, ജേക്കബ്സ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും. ഗതാഗതനിയന്ത്രണമുള്ളതിനാൽ വിമാനയാത്രക്കാർ സമയത്ത് എത്താൻ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.