ഉന്നതവിദ്യാഭ്യാസം; പാഠ്യപദ്ധതിയിൽ മാലിന്യ സംസ്കരണവും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഈവർഷം മുതൽ മാലിന്യസംസ്കരണം വിഷയമാക്കിയതിന് പിന്നാലെ ഉന്നവിദ്യാഭ്യാസ പാഠ്യപദ്ധതിയിലും വിഷയം ഉൾപ്പെടുത്താൻ ആദ്യഘട്ട ചർച്ചകൾക്ക് തുടക്കം.
സംസ്ഥാനത്തെ വിവിധ സർവകലാശാല പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ശുചിത്വമിഷൻ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് ഇക്കാര്യം വിഷയമായത്. ഇപ്പോൾ നടപ്പാക്കിയ നാലുവർഷ ബിരുദം, ദേശീയ വിദ്യാഭ്യാസനയം എന്നിവയുടെ പശ്ചാത്തലത്തിലാണ് മാലിന്യസംസ്കരണം വിഷയമാക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നത്. കൂടാതെ സർവകലാശാല തലത്തിൽ ഓപ്പൺ കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, ഇന്റേർൺഷിപ്പുകൾ, പ്രോജക്റ്റുകൾ തുടങ്ങിയവയിൽ മാലിന്യസംസ്കരണം പാഠ്യവിഷയമാക്കി നിലവിൽ നടപ്പാക്കുന്നതിന്റെ മാതൃകകളുടെ അവതരണവും നടന്നു.
കേരള, എംജി, കണ്ണൂർ, കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കാരാചാര്യ സംസ്കൃത, കാർഷിക, എ.പി.ജെ അബ്ദുൽ കലാം ടെക്നോളജി, ശ്രീനാരായണഗുരു ഓപ്പൺ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം, കേരള ഹെൽത്ത് സയൻസസ്, നാഷണൽ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഡിജിറ്റൽ, ഫിഷറീസ് ആന്റ് ഓഷൻ സയൻസസ്, വെറ്റർനറി ആന്റ് അനിമൽ സയൻസസ് സർവകലാശാലകളും കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, സെൻട്രൽ പോളിടെക്നിക്ക് തുടങ്ങി കലാലയങ്ങളിലേയും പ്രതിനിധികളാണ് പങ്കെടുത്തത്.
എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. കില മുൻ ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഏകോപിപ്പിച്ച ചർച്ചകളിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫിസർ ഡോ. സുധീന്ദ്രൻ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. രഞ്ജിത് സുബാഷ്, ശുചിത്വമിഷൻ ക്യാമ്പയിൻ കോർഡിനേറ്റർ എൻ. ജഗജീവൻ, രോഹിത് ജോസഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.