കനത്തമഴക്ക് ശമനമില്ലാതെ മലയോരമേഖല
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മഴക്ക് നേരിയശമനം ഉണ്ടായിരുന്നെങ്കിലും മലയോരമേഖലകളിലും സമീപപ്രദേശങ്ങളിലും ബുധനാഴ്ചയും അതിശക്തമായ മഴ പെയ്തു. ജില്ലയിൽ 10 വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടായി. രാവിലെ മുതൽ ഉച്ചവരെ മഴ മാറിനിന്നെങ്കിലും വൈകിട്ടോടെ കനത്തു. രാത്രിയിലും കനത്ത മഴ തുടര്‍ന്നു. മലയോര, തീരദേശ മേഖലയില്‍ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുകളിൽ മരം വീണു. അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി. തുമ്പ, മയ്യാനാട്, പെരുമാതുറ മേഖലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. ജില്ലയില്‍ ബുധനാഴ്ച മഴ മുന്നറിയിപ്പുകള്‍ ഇല്ലായിരുന്നെങ്കിലും പുലര്‍ച്ചയോടെ മഴ ശക്തമായി. തുടര്‍ന്ന് പത്ത് മണിയോടെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.
നഗര മേഖലയിലും ഇന്നലെ ഇടവിട്ട ശക്തമായ മഴ ലഭിച്ചു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗതാഗതം സ്തംഭിക്കുന്ന സാഹചര്യവുമുണ്ടായി. ചിറയിന്‍കീഴ് താലൂക്കില്‍ അപ്രതീക്ഷിതമായി ഉച്ചയോടെ മഴ ശക്തമായത് ആശങ്ക സൃഷ്ടിച്ചു.
കീഴാറ്റിങ്ങല്‍ ഒലിക്കുഴിയില് അജിയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കൈവരി ഇടിഞ്ഞു താഴ്ന്നു. മരങ്ങള്‍ വീണ് ഏഴ് വീടുകള്‍ക്ക് നാശം ഉണ്ടായി. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
വെള്ളക്കെട്ട് തുടര്‍ന്നാല്‍ കാര്‍ഷിക മേഖലയില്‍ വ്യാപകമായ നാശമുണ്ടാകും. ചിലയിടങ്ങളില്‍ വൈദ്യുത ലൈനില്‍ മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. വെള്ളക്കെട്ടു മൂലം താലൂക്കില്‍ ഒരിടത്തും ക്യാമ്പ് തുറന്നിട്ടില്ല. കിളിമാനൂരില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് കേടുപാടുകള്‍ പറ്റി. മലയാമഠം തുണ്ടുവിള വീട്ടില്‍ ശ്രീകല കുമാരിയുടെ വീടിനാണ് തെങ്ങ് വീണ് കേടുപറ്റിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
തെങ്ങുവീണ് തടി ഉരുപ്പടികള്‍ക്ക് കേടുപറ്റുകയും ഓടുകള്‍ പൊട്ടുകയും ചെയ്തു. 50,000 രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ജില്ലയിലെ ഡാമുകളുടെ ചുറ്റുപ്രദേശത്ത് മഴ ശക്തമായത് ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ ഇരു കരകളിലും പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കടലോര മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.
ആറ്റിങ്ങള്‍, ചിറയന്‍കീഴ്, തുമ്പ, അഞ്ചുതെങ്ങ് മേഖലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കല്ലാര്‍, പൊന്മുടി, മീന്മുട്ടി, കല്ലയം തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണ മേപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ ശക്തമായ മഴയും കാറ്റും അപകട സാധ്യത വർധിക്കുന്നതിനാലാണ് ടൂറിസം വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.