ചരിത്ര നേട്ടം: സെന്റര്‍ ഓഫ് എക്സലന്‍സായി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ്-ഐ.സി.എം.ആര് തെരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കല്‍ കോളജുകളുടെ പട്ടികയിലാണ് തിരുവനന്തപുരവും ഉള്‍പ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടുകോടി രൂപ മെഡിക്കല്‍ കോളജിന് ലഭിക്കും. കേരളത്തില്‍നിന്നൊരു മെഡിക്കല്‍ കോളജ് ഈ സ്ഥാനത്തെത്തുന്നത് ചരിത്രത്തിലാദ്യമായാണ്.
എസ്.എ.ടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ മെഡിക്കല്‍ കോളജും എസ്.എ.ടി ആശുപത്രിയും സെന്റര്‍ ഓഫ് എക്സലന്‍സായി മാറി.
2021ല്‍ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് അത്യാഹിത വിഭാഗം നവീകരിക്കാൻ നടപടി സ്വീകരിച്ചത്. പഴയ അത്യാഹിത വിഭാഗത്തിൽ സ്ഥലപരിമിതിയിൽ രോഗികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. വെളിച്ചമില്ലാത്ത വരാന്തയില്‍ അഞ്ചും ആറും മണിക്കൂറുകള്‍ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രച്ചറില്‍ രോഗികൾ കിടക്കുന്ന അവസ്ഥയായിരുന്നു.
തുടർന്നാണ് വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തില്‍ നൂതന എമര്‍ജന്‍സി മെഡിസിന് സംവിധാനങ്ങളൊരുക്കി പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ആദ്യമായി ശാസ്ത്രീയമായ ട്രയാജ് സംവിധാനം നടപ്പാക്കി. ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്ട്രോക്ക് ഹോട്ട്ലൈന്‍, അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവയും മുതിർന്ന ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി.
മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന് വിഭാഗത്തെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.