വീട്ടിൽകയറി ആക്രമണം: ക്വട്ടേഷനെടുത്ത പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
text_fieldsപോത്തൻകോട്: പോത്തൻകോട് മീനാറയിൽ യുവാവിനെ ആയുധങ്ങളുമായി വീട്ടിൽകയറി ആക്രമിച്ച കേസിൽ ക്വട്ടേഷനെടുത്ത പ്രധാന പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രവാസിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി സജാദിനെയാണ് തെളിവെടുപ്പിനെത്തിച്ചത്. രണ്ടുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
പോത്തൻകോട് മീനാറ പുത്തൻവീട്ടിൽ ഷഹനാസിന് കഴിഞ്ഞ 12ന് വൈകീട്ട് നാലോടെയാണ് അഞ്ചംഗ സംഘത്തിന്റെ മർദനമേറ്റത്. രണ്ട് ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത്. ആക്രമണത്തിൽ ഷഹനാസിന്റെ കാലിന് ഗുരുതര പരിക്കേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽവെച്ചായിരുന്നു മർദനം.
പ്രവാസിയായ ഷഹനാസ് മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. എന്തിനാണ് മർദിച്ചതെന്ന് അറിയില്ലെന്നാണ് ഷഹനാസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയെതുടർന്നുള്ള അന്വേഷണത്തിൽ വെള്ളാഞ്ചിറ സ്വദേശി സജാദ് (44), മൂന്നാനക്കുഴി സ്വദേശി രഞ്ജിത്ത് (33), ചേർത്തല സ്വദേശി നഫിൻ (29), ഇടുക്കി കമ്പംമേട് സ്വദേശി റോഷൻ (25), കായംകുളം കൃഷ്ണപുരം സ്വദേശി ഷഫീഖ് (30) എന്നിവരെ പിടികൂടിയിരുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ ജ്യേഷ്ഠനാണ് സജാദ്. ക്വട്ടേഷൻ എടുത്ത ഒന്നാംപ്രതി സജാദ് ജയിലിൽവെച്ചാണ് ബാക്കി പ്രതികളെ പരിചയപ്പെട്ടത്. കൊല്ലം സ്വദേശി അൻവറാണ് 50,000 രൂപക്ക് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഗൾഫിലുള്ള അൻവറിനെ പറ്റിയുള്ള അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.