ആശുപത്രി ആക്രമണങ്ങൾ; നിയമമുണ്ടെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല
text_fieldsതിരുവനന്തപുരം: സമീപകാലത്തുണ്ടായ ആശുപത്രി ആക്രമങ്ങള്ക്കുപിന്നിലുള്ള കൊടുംക്രിമിനലുകളെ സംരക്ഷിക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണെന്ന ആരോപണം ശക്തം. ഒറ്റക്കും സംഘം ചേര്‍ന്നുമുള്ള ആക്രമണങ്ങള്‍ക്ക് ക്രിമിനലുകൾ നേതൃത്വം നൽകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
എത്രവലിയ സംഭവമാണെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ കുറ്റക്കാര്‍ക്കെതിരെ ദുര്‍ബല വകുപ്പുകളിട്ട് കേസെടുക്കുന്നതോടെ പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെടുകയാണ് പതിവ്.
ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യസ്ഥാപനങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് 2012 ആഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഈ നിയമപ്രകാരം ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാത്രം.
കേരള ആരോഗ്യരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ആക്ട് 2012 പ്രകാരം ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ജീവന് അപായപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ജോലി തടസ്സപ്പെടുത്തുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും ഈടാക്കാനുള്ള വകുപ്പുകളുണ്ട്. നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനുമാകും.
എന്നാല്‍, സമീപകാലത്ത് ഒന്നോ രണ്ടോ സംഭവങ്ങളിലൊഴികെ കുറ്റക്കാര്‍ക്ക് അനായാസം ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ടാണ് കേസെടുത്തതുപോലും. ഐ.എം.എയുടെ കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം മാത്രം 37 ആശുപത്രി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂണിനും 2021 ജൂണിനുമിടയില്‍ 140 ആക്രമണങ്ങള്‍ ഉണ്ടായതായും അവര്‍ കണക്കുനിരത്തുന്നു. അടുത്തകാലത്തായി ആഴ്ചയില്‍ ഒരു ആശുപത്രി ആക്രമണമെങ്കിലും നടക്കുന്നുണ്ടെന്നാണ് ഐ.എം.എ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രി സംരക്ഷണത്തിന് നിയമംവന്ന് 11 വര്‍ഷം പിന്നിട്ടിട്ടും കര്‍ശന വ്യവസ്ഥകളില്ലാത്തതിനാല്‍ പ്രതികള്‍ രക്ഷപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.