നിഷിലെ ഹോസ്റ്റൽ പൂട്ടി: പഠിക്കാൻ ഇടമുണ്ട്; താമസിക്കാനില്ല
text_fieldsതിരുവനന്തപുരം: നിഷിലെ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതിയുമായി ഒരു വിഭാഗം രക്ഷിതാക്കളും വിദ്യാർഥികളും. മൂകരും ബധിരരുമായ വിദ്യാർഥികളാണ് ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ ബുദ്ധിമുട്ടിലായത്.
നിലവിൽ നിഷ് കാമ്പസിന് അടുത്തുള്ള ഹോം സ്റ്റേകളാണ് ഇവരുടെ ആശ്രയം. സൗകര്യങ്ങളുടെ അപര്യാപ്തതയും ഉയർന്ന വാടകയും കുട്ടികളെയും രക്ഷിതാക്കളെയും വലക്കുന്നു. ഒരു മുറിയിൽ മൂന്നും നാലും കട്ടിലിട്ട് കുട്ടിയൊന്നിന് 7000 രൂപ വരെയാണ് ഹോംസ്റ്റേക്കാർ വാടക ഇനത്തിൽ ഈടാക്കുന്നത്.
പല ഹോം സ്റ്റേകളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നതും ആശങ്കാജനകമാണ്. അധിക വാടകക്കെതിരെ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
2022 ആഗസ്റ്റിലാണ് നിഷിൽ ഹോസ്റ്റൽ തുടങ്ങാൻ തീരുമാനിച്ചത്. കുറഞ്ഞ വാടക, മികച്ച ഭക്ഷണം കൂടാതെ കുട്ടികൾക്ക് സുരക്ഷിതത്വവും ഹോസ്റ്റലിലുണ്ടായിരുന്നു. ആറുമാസം കൊണ്ടു തന്നെ 2023 ഫെബ്രുവരിയിൽ ഹോസ്റ്റലിന് പൂട്ടു വീണു. ഇതോടെ ഹോസ്റ്റലിനെ ആശ്രയിച്ചിരുന്ന വിദ്യാർർഥികളുടെ സ്ഥിതി കഷ്ടത്തിലായി. കാമ്പസിലെ ഹോസ്റ്റൽ സൗകര്യം പുനഃസ്ഥാപിക്കണമെന്ന് രക്ഷാകർത്താക്കൾ പലതവണ ആവശ്യം ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടിയോ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മക്കളെ ഒറ്റയ്ക്ക് ഹോം സ്റ്റേകളിൽ താമസിപ്പിക്കാൻ മടിച്ച് ഉയർന്ന തുക വാടക നൽകി വീടെടുത്ത് താമസിക്കുന്ന മാതാപിതാക്കളുമുണ്ട്. ഭിന്നശേഷിക്കാർക്കായി നിരവധി ആനുകൂല്യങ്ങൾ നൽകുന്നതായി സർക്കാർ പ്രഖ്യാപനം പരസ്യങ്ങളിൽ മാത്രമേയുള്ളുവെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും അഭിപ്രായപ്പെടുന്നത്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കാനാകാത്തതെന്ന വാദവും ഉയർന്നുവരുന്നു. എന്നാൽ, ഹോസ്റ്റലിൽ പ്രവേശനം നേടാൻ വളരെ കുറച്ച് കുട്ടികൾ മാത്രം തയാറാകുന്നതാണ് പ്രശ്നമെന്ന് നിഷ് അധികൃതർ പറയുന്നു.
നിഷ് കാമ്പസിൽ നിന്ന് കുറച്ചകലെ രണ്ട് കെട്ടിടങ്ങൾ വാടകക്ക് എടുത്താണ് ഹോസ്റ്റൽ തുടങ്ങാൻ തീരുമാനിച്ചത്. അതിലേക്ക് അഡ്മിഷൻ എടുക്കാൻ വന്നവരുടെ എണ്ണം തുലോം കുറവായിരുന്നു. നടത്തിപ്പിനായുള്ള ഫണ്ട് പോലും ലഭ്യമാകുന്നില്ല. ഇതേ തുടർന്നാണ് ഹോസ്റ്റൽ മതിയാക്കിയതെന്നും അധികൃതർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.