ഹോട്ടൽ റെയ്ഡ് നഗരത്തിൽ ഒതുങ്ങുന്നു;ഗ്രാമങ്ങളിൽ അനധികൃത ഭക്ഷണശാലകൾ പെരുകി
text_fieldsആറ്റിങ്ങല്‍: ഭക്ഷണശാലകളിലെ റെയ്ഡ് നഗര പ്രദേശങ്ങളിൽ ഒതുങ്ങുന്നു, ഗ്രാമീണ മേഖലകളിൽ അനധികൃത ഭക്ഷണശാലകൾ പെരുകുന്നു. ആരോഗ്യ ഭീഷണിയും വർധിക്കുന്നു.
ഭക്ഷ്യവിഷബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വ്യാപകമാകുമ്പോഴും ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധനകളില്ല. ആറ്റിങ്ങല്‍ നഗരസഭയിലെ ആരോഗ്യവിഭാഗം മാത്രമാണ് ഭക്ഷ്യവിൽപന കേന്ദ്രങ്ങളില്‍ പരിശോധന നടത്താറുള്ളത്. അതും നഗരസഭ പ്രദേശത്ത് മാത്രം.
ഗ്രാമീണ മേഖലയിൽ ഭക്ഷ്യസുരക്ഷ വകുപ്പോ ആരോഗ്യവകുപ്പോ ഗ്രാമപഞ്ചായത്തുകളോ പരിശോധനകള്‍ക്ക് തയാറായിട്ടില്ല. ദേശീയപാതയുള്‍പ്പെടെ എല്ലാ പ്രധാന റോഡുകളിലും അനധികൃത ഭക്ഷണ വിൽപനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷണം പാകംചെയ്ത് വാഹനങ്ങളില്‍കൊണ്ടുവന്ന് നിശ്ചിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് വിൽപന നടത്തുന്ന ധാരാളം പേരുണ്ട്.
ഭക്ഷണം വിൽക്കുന്നതിനുള്ള നിയമപരമായ ഒരംഗീകാരവുമില്ലാതെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
വാങ്ങുന്ന ഭക്ഷണത്തിന് ബില്ലോ മറ്റ് നിയമപരമായ രേഖകളോ ഉണ്ടാകില്ല. ഇത്തരത്തില്‍ വാങ്ങുന്ന ഭക്ഷണം നിമിത്തം ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ പരാതിപ്പെടാനും പ്രയാസമാകും. ഇങ്ങനെ വാഹനങ്ങളിലെത്തിക്കുന്ന ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പരിശോധനകളുമുണ്ടാകാറില്ല.
റോഡരികുകളില്‍ കുടില്‍കെട്ടിയും ഉന്തുവണ്ടികളിലുമായി ധാരാളം തട്ട് കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉന്തുവണ്ടികളില്‍ ചായയും എണ്ണപ്പലഹാരങ്ങളുമാണ് വിൽപന നടത്തുന്നത്. ഗുണനിലവാരമില്ലാത്തതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതുമായ എണ്ണകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതെന്ന് ആരോഗ്യവകുപ്പധികൃതര്‍ തന്നെ പറയുന്നു. പക്ഷേ, പരിശോധിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയാറായിട്ടില്ല.
ഒഴിഞ്ഞ പ്രദേശങ്ങളില്‍ വീടുകള്‍ വാടകക്കെടുത്ത് പലഹാരങ്ങളുണ്ടാക്കി ഹോട്ടലുകളിലുള്‍പ്പെടെ വിതരണം നടത്തുന്ന സംഘങ്ങള്‍ താലൂക്കില്‍ സജീവമാണ്. രാവിലെ വാഹനങ്ങളില്‍ ഇവ കച്ചവടകേന്ദ്രങ്ങളിലെത്തിക്കുകയാണ് പതിവ്.
ഇവ കണ്ടെത്തുന്നതിനോ പരിശോധിക്കുന്നതിനോ അധികൃതര്‍ ശ്രമം നടത്തിയിട്ടില്ല. ഹോട്ടലുകളിലും ബേക്കറികളിലും ഷവര്‍മയുള്‍പ്പെടെയുള്ള ഭക്ഷണവസ്തുക്കള്‍ തയാറാക്കുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.