മണിക്കൂറുകൾ ബാക്കി; പൊങ്കാലക്ക് മണ്ണൊരുക്കി അനന്തപുരി
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടുവർഷമായി പരിമിതപ്പെടുത്തിയിരുന്ന ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഇക്കുറി പൂർണനിറവോടെ നടക്കും. കുംഭത്തിലെ പൂരംനാളും പൗര്‍ണമിയും ചേരുന്ന ചൊവ്വാഴ്ച രാവിലെ 10.30 നാണ് പൊങ്കാലയുടെ ചടങ്ങുകൾ തുടങ്ങുക. ഉച്ചക്ക് 2.30ന് പൊങ്കാല നിവേദ്യം.
ക്ഷേത്രപരിസരത്തും വീടുകളിലും നഗരാങ്കണത്തിലും പൊങ്കാല അടുപ്പുകള്‍ നിറയും. ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. കേശവന് നമ്പൂതിരിക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹ മേല്‍ശാന്തിമാര്‍ക്ക് കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തിമാര്‍ അഗ്നി പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.
ഉച്ചക്ക് 2.30ന് പൂജാരി പൊങ്കാല നിവേദിക്കും. ഇതിനൊപ്പം ക്ഷേത്ര ട്രസ്റ്റ് നിയോഗിക്കുന്ന 300 ശാന്തിക്കാര്‍ നഗരത്തിലെ പൊങ്കാലക്കലങ്ങളില് തീര്‍ഥം തളിച്ച് നിവേദിക്കും. കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന ബാലന്മാരെ രാത്രി 7.45ന് ചൂരല്‍കുത്തും. രാത്രി 10.45 ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും.
തിരിച്ചെഴുന്നള്ളത്തിനുശേഷം ബുധനാഴ്ച രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15ന് കാപ്പഴിക്കും. ആറ്റുകാൽ പൊങ്കാലക്ക് അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ദീപാലംകൃതമായി. തമ്പാനൂർ മുതൽ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണചിത്രം പൂജിക്കാനുള്ള പീഠങ്ങളൊരുക്കി. മൂന്നുനാൾ ഇവക്കു മുന്നിൽ വിളക്കും പൂക്കളുമർപ്പിച്ച് വണങ്ങുന്നതാണ് ആരാധനാരീതി.
വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും ഭക്തസംഘടനകളും എല്ലായിടത്തും പൊങ്കാലയുടെ വിളംബരമൊരുക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തജനങ്ങൾ ഇപ്പോൾ തന്നെ പൊങ്കാല അടുപ്പുകൾ നിരത്തി സ്ഥലം ബുക്ക് ചെയ്തു. നഗരാതിർത്തിയിലെ 25ഓളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലായിടത്തും വിവിധ സംഘടനകൾ അന്നദാനവും നടത്തും. പെങ്കാലയോടനുബന്ധിച്ച് പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.