വീട് ആക്രമണം;അഞ്ചുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: മുൻവൈരാഗ്യത്താൽ പകരം ചോദിക്കാനായി രാത്രിയിൽ വീട് ആക്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ അത്തിയാർ മഠത്തിൽ സച്ചിന്റെ വീടാക്രമിച്ച കേസിലാണ് അറസ്റ്റ്.
പൂജപ്പുര തമലം ലളിതഭവനിൽ സബിൻ (22), പാൽക്കുളങ്ങരയിൽനിന്ന് മണികണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ (20), പൂജപ്പുര തിരുമല ഓടാൻകുഴി മേലേപുത്തൻ വീട്ടിൽ നിരഞ്ജൻ (22), തിരുമല ആലപ്പുറം ദേവികൃപയിൽ അനന്തു (21), വെള്ളനാട് സജിഭവനിൽ സച്ചു (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഭവനഭേദനത്തിനാണ് പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച പകൽ ജനറൽ ആശുപത്രി ജങ്ഷനിലൂടെ സംഭവത്തിലെ പ്രതികളായ മൂന്നുപേർ ഒരേ ബൈക്കിൽ യാത്ര ചെയ്യുന്നത് സച്ചിനും ഒപ്പമുണ്ടായിരുന്നവരും ചോദ്യം ചെയ്തിരുന്നു. തുടർന്ന് വാഗ്വാദമുണ്ടാകുകയും സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽവെച്ച് ഇരുസംഘങ്ങളും തമ്മിൽ അടിപിടി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാത്രി പ്രതികൾ മറ്റുള്ളവരെയുംകൂട്ടി സച്ചിന്റെ വീട്ടിലെത്തിയത്. ഈ സമയം സച്ചിന്റെ വീട്ടിൽ പത്തോളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും അടിപിടിയുമായി. ഇതിനിടെയാണ് വീടിന് കേടുപാടുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലടക്കം തകർന്നു.
സംഭവമറിഞ്ഞ് പൊലീസെത്തി അഞ്ചുപേരെ പിടികൂടി കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തങ്ങളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കാട്ടി സച്ചിനും സുഹൃത്തുക്കൾക്കുമെതിരെ പ്രതികളും വഞ്ചിയൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.