മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ്നിർമിക്കാത്തതിനെതിരെ മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വലിയതുറ യു.പി സ്കൂളിൽ വർഷങ്ങളായി അന്തിയുറങ്ങുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനുള്ള പദ്ധതി വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടി മത്സ്യത്തൊഴിലാളികളോടുള്ള നീതി നിഷേധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വീട് നിർമാണം ഇനിയും വൈകിപ്പിക്കാതെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്ക് 32 ഫ്ലാറ്റുകൾ നിർമിക്കാനാണ് സർക്കാർ തീരദേശ വികസന കോർപറേഷനെ ചുമതലപ്പെടുത്തിയത്. ഇതിൽ എട്ട് ഫ്ലാറ്റുകൾ പൂർത്തിയായി. അവശേഷിക്കുന്ന 24 ഫ്ലാറ്റുകൾ നിർമിക്കാനുള്ള 27.345 സെൻറ് സ്ഥലം സെൻറ് ആൻറണീസ് പബ്ലിക് സ്കൂളിന് സർക്കാർ വിട്ടുകൊടുത്തു. സ്കൂൾ പകരം സ്ഥലം വിട്ടുകൊടുത്തെങ്കിലും ഫ്ലാറ്റ് നിർമിക്കാൻ പ്രയാസമുള്ളതായി കണ്ടെത്തി.
ഏഴ് സെൻറ് സ്ഥലം കൂടി കിട്ടിയാൽ മാത്രമേ ഫ്ലാറ്റ് നിർമാണം സാധ്യമാകുകയുള്ളൂവെന്ന് തീരദേശ വികസന കോർപറേഷൻ കമീഷനെ അറിയിച്ചു.
ഭൂമി കൈമാറുന്ന വിഷയത്തിൽ സർക്കാർതലത്തിൽ തീരുമാനമെടുത്തില്ല. നിർമാണത്തിനാവശ്യമായ തുക ഫിഷറീസ് വകുപ്പിൽനിന്ന് ലഭിച്ചിട്ടുമില്ല. ഇതാണ് ഫ്ലാറ്റ് നിർമാണം വൈകാനുള്ള കാരണം.
വലിയതുറ മുട്ടത്തറ വില്ലേജിൽ 294 സെൻറിൽ ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇവിടെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ കഴിയുമെന്നും ഫിഷറീസ് ഡയറക്ടർ കമീഷനെ അറിയിച്ചു. എന്നാൽ, തങ്ങൾ നൽകിയ സ്ഥലം ഫ്ലാറ്റ് നിർമിക്കാൻ അനുയോജ്യമാണെന്ന് തീരദേശ വികസന കോർപറേഷൻ സമ്മതിച്ചതായി സെൻറ് ആൻറണീസ് സ്കൂൾ പ്രിൻസിപ്പൽ കമീഷനെ അറിയിച്ചു.
വസ്തു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
എന്നാൽ, അതിെൻറ പേരിൽ പരാതിക്കാരുടെ ഭവന നിർമാണ പദ്ധതി വൈകിപ്പിച്ച നടപടി നീതിനിഷേധമാണ്. എത്രയും വേഗം പരാതിക്കാരെ പുനരധിവസിപ്പിക്കണമെന്ന് കമീഷൻ ചീഫ് സെക്രട്ടറിക്കും തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.