മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി
text_fieldsപോത്തൻകോട്: മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ മനുഷ്യന്‍റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്ഥലമുടമ അജിത്കുമാർ റബ്ബർ മരങ്ങൾക്കിടയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് തലയോട്ടിയും അസ്ഥികളും ശ്രദ്ധയിൽപ്പെട്ടത്.
സമീപത്തായി സ്ത്രീകളുടേതായ വസ്ത്രങ്ങളും ചെരുപ്പും കണ്ടെത്തിയതോടെ പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മഠവൂർ പ്പാറ ഗുഹാ ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന സംരക്ഷിത പ്രദേശത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ 35 സെന്‍റ് സ്ഥലത്തെ മുകൾ അറ്റത്തെ പാറ കൂട്ടങ്ങൾക്ക് സമീപത്താണ് അസ്ഥികൂടം കിടന്നത്. പോത്തൻകോട് പൊലിസും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. പോത്തൻകോട് പൊലീസ് അന്വഷണം ആരംഭിച്ചു.
പൊലീസ് അറിയിച്ചതനുസരിച്ച് ആറുമാസം മുമ്പ് കാണാതായ കനകമ്മയുടെ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും ചെരുപ്പും പേഴ്സും തിരിച്ചറിഞ്ഞു. കനകമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്റ്റംബർ 28ന് ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതാകുന്നതിന് മുമ്പ് കനകമ്മ മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അസ്ഥികൂടത്തിന്‍റെ കുറച്ച് ഭാഗങ്ങൾ കണ്ടെത്താനുണ്ട്. ഫോറൻസിക് പരിശോധനയും കാലപ്പഴക്കവും നിർണ്ണയിച്ചാൽ മാത്രമേ ആളെ തിരിച്ചറിയാൻ കഴിയുവെന്നും അതിനായി കണ്ടെത്തിയ അസ്ഥികൂടം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അസ്ഥികൂടംമാറ്റുമെന്നും പോത്തൻകോട് സി.ഐ. ശ്യാമും എസ്.ഐ. വിനോദ് വിക്രമാദിത്യനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.