തിരുവനന്തപുരം മെഡിക്കൽ കോളജിൽ താൽക്കാലിക നിയമന ഇൻറർവ്യൂവിന് എത്തിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിൽ താൽക്കാലിക നിയമനത്തിെൻറ പേരിൽ തടിച്ചുകൂടിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. സാമൂഹിക അകലം പാലിക്കുന്നത് പരാജയപ്പെട്ടതോടെ ഇൻറർവ്യൂ നിർത്തിെവച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്ന നടപടിക്രമങ്ങളാണ് അനിയന്ത്രിതമായ ആൾക്കൂട്ടം കാരണം നിർത്തിെവച്ചത്. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സ വാർഡിലേക്ക് നഴ്‌സുമാരുടെയും ക്ലീനിങ് സ്റ്റാഫുകളുടെയും കുറവ് പരിഹരിക്കുന്നതിനായാണ് വ്യാഴാഴ്ച ഇൻറർവ്യൂ സംഘടിപ്പിച്ചിരുന്നത്.
ആയിരത്തി അഞ്ഞൂറിലധികം ഉദ്യോഗാർഥികളും രക്ഷാകർത്താക്കളുമാണ് ജില്ലക്കകത്തും പുറത്തും നിന്നായി ഒഴുകിയെത്തിയത്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരും പൊലീസും ഉദ്യോഗാർഥികളുടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിനിടെ അധികൃതർ ഇൻറർവ്യൂ ആരംഭിച്ചതോടെ പ്രശ്നങ്ങൾ ഒന്നുകൂടി സങ്കീർണമായി.
ഉദ്യോഗാർഥികളിൽ ചിലർതന്നെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ആരോപിച്ചതോടെ അഭിമുഖവുമായി അധികൃതർക്ക് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. തുടർന്നാണ് ഇൻറർവ്യൂ മാറ്റിെവച്ചതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചത്. പുതുതായി 110 ഐ.സി.യു കിടക്കകൾ തയാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്. മാറ്റിെവച്ച ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.
അതേസമയം മെഡിക്കൽ കോളജിൽ നിയമനത്തിെൻറ പേരിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണമാരംഭിച്ചു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് ദിവസങ്ങൾക്കകം പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.