ചുഴലിക്കാറ്റ്: ദുരന്തനിവാരണത്തിന് സജ്ജം; മുന്നൊരുക്കം തുടങ്ങി
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ ജില്ലയിൽ അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി. മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി എല്ലാ ദുരന്തനിവാരണ വിഭാഗങ്ങളും പൂർണ പ്രവർത്തനസജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കര, നാവിക, വ്യോമ സേനകളുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
ജില്ലയിൽ ഡിസംബർ മൂന്നിന് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിനും നാലിനും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുൻനിർത്തി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ റവന്യൂ - തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ട സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശദമായ പട്ടിക തയാറാക്കി. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങൾ ഒഴിവാക്കിയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ ഇവിടങ്ങളിൽ വൈദ്യുതിയും വെള്ളവും ഭക്ഷണസാധനങ്ങളുമെത്തിക്കാൻ യഥാക്രമം കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് നിർദേശം നൽകി.അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോൾ നിരീക്ഷണ വിധേയമാക്കാൻ കലക്ടർ ഹൈഡ്രോളജി വകുപ്പിന് നിർദേശം നൽകി. നിലവിൽ രാവിലെ എട്ടിനും ഉച്ചക്ക് 12നും വൈകീട്ട് നാലിനുമാണ് നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നത്. വരുന്ന മൂന്നു ദിവസങ്ങളിൽ വൈകീട്ട് ആറിനും എട്ടിനും കൂടി പരിശോധിക്കും. നെയ്യാർ, കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലെ ജലനിരപ്പാകും ഈ രീതിയിൽ പരിശോധിക്കുക.
വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷൻ വകുപ്പിെൻറ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടോറുകൾ പൂർണ പ്രവർത്തനക്ഷമമാക്കി. പൂവാർ, വേളി പൊഴികളുടെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാക്കും. മൈനർ ഇറിഗേഷൻ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള കനാലുകൾ വൃത്തിയാക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും നിർദേശം നൽകി. യോഗത്തിൽ എ.ഡി.എം വി.ആർ. വിനോദ്, ജില്ല പൊലീസ് മേധാവി ബി. അശോകൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ. മുഹമ്മദ് സഫീർ, കര, വ്യോമ സേനാ വിഭാഗങ്ങളുടെയും കോസ്റ്റ് ഗാർഡിെൻറയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കടലിൽ പോകുന്നതിന് കർശന നിരോധനം
തിരുവനന്തപുരം: ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജില്ലയുടെ തീരപ്രദേശങ്ങളിൽനിന്ന് കടലിൽ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ നിരോധനം ഏർപ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്ന് കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.