മെഡിക്കൽ കോളജിലെ ഐ.സി.യു- വെന്റിലേറ്റർ നിരക്ക് വർധന: അധിക തുക മടക്കിനൽകുന്നതിൽ അധികൃതർക്ക് മൗനം
text_fieldsതിരുവനന്തപുരം: വെന്റിലേറ്ററുകൾക്കും ഐ.സി.യുവിനും ഏർപ്പെടുത്തിയ ഉയർന്ന നിരക്ക് പ്രതിഷേധത്തെതുടർന്ന് പിൻവലിച്ചെങ്കിലും അധികം വാങ്ങിയ തുക മടക്കിനൽകുന്നതിൽ തീരുമാനമില്ല. ഏകപക്ഷീയമായെടുത്ത തീരുമാനത്തിനെതിരെ ആരോഗ്യമന്ത്രിയും മനുഷ്യാവകാശ കമീഷനും ഇടപെടുകയും ഒടുവിൽ നിരക്ക് വർധന ആശുപത്രി സൂപ്രണ്ട് പിൻവലിച്ച് അറിയിപ്പ് പുറപ്പെടുവിക്കുകയുമായിരുന്നു.
ആശുപത്രി വികസനസമിതി യോഗത്തിൽ പ്രധാന അജണ്ടയായി വരാത്ത വിഷയം ഉപസമിതിയിൽവെച്ച് അംഗീകരിക്കുകയായിരുന്നു. നിരക്ക് വർധന സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇരുട്ടടിയാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചമുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. നാല് ദിവസം കഴിഞ്ഞാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെതുടർന്ന് നിരക്ക് വർധന പിൻവലിച്ചത്.
എന്നാൽ, വെള്ളിയാഴ്ച മുതൽ നാലുദിവസം നിരവധി രോഗികളിൽനിന്ന് വർധിപ്പിച്ച നിരക്ക് ഈടാക്കുകയും ചെയ്തു. ആശുപത്രി വികസനസമിതിയാണ് തുക ഈടാക്കിയത്.
ഐ.സി.യുവിലും വെന്റിലേറ്ററുകളിലും ചികിത്സയിൽ കഴിഞ്ഞവരിൽ ചിലർ മരണമടഞ്ഞവരുമുണ്ട്. ഇതിനിടെ ശനിയാഴ്ച പണം അടയ്ക്കാൻ എത്തിയവരിൽനിന്ന് ഞായറാഴ്ച അവധിയായതിനാൽ ആ തുകകൂടി ഈടാക്കിയെന്നും പരാതിയുണ്ട്. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററുകൾക്ക് 1000 രൂപയും ആയാണ് നിരക്ക് വർധിപ്പിച്ചത്. കോവിഡ് മുമ്പ് 330 രൂപയും 660 രൂപയും ഈടാക്കിയിരുന്നതാണ് ഒറ്റയിടിക്ക് കുത്തനെ ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.