ട്രെയിനിറങ്ങിയാൽ ബസില്ല, കൊച്ചുവേളിയിൽ യാത്രാദുരിതം
text_fieldsതിരുവനന്തപുരം: ഗതാഗത സൗകര്യങ്ങളില്ല, കൊച്ചുവേളിയിൽ െട്രയിനിറങ്ങിയാൽ നഗരത്തിലേക്കെത്താൻ പെടാപ്പാട്. 25 ലേറെ ട്രെയിനുകൾ സർവിസ് തുടങ്ങുകയും അസാനിക്കുകയും ചെയ്യുന്നത് കൊച്ചുവേളിയിലാണെങ്കിലും അനുബന്ധ ഗതാഗതസൗകര്യമില്ലാത്തത് യാത്രക്കാരെ വട്ടംകറക്കുകയാണ്. പ്രതിദിനം നൂറുകണക്കിന് യാത്രക്കാരാണ് കൊച്ചുവേളിയെ ആശ്രയിക്കുന്നത്.
മഴക്കാലം കൂടിയായതോടെ പ്രതിസന്ധി അതിരൂക്ഷമാണ്. ഒരു കെ.എസ്.ആർ.ടി.സി എ.സി ബസാണ് ഇവിടേക്കും തിരിച്ചുമുള്ള പ്രധാന യാത്രാശ്രയം. ട്രെയിനിൽ വന്നിറങ്ങുന്നവരിൽ തുച്ഛം പേരെ മാത്രമേ ബസിൽ ഉൾക്കൊള്ളാനാകൂ. കൂടുതൽ ബസ് സർവിസുകൾ ആരംഭിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും യാത്രാവശ്യകതയുള്ള റൂട്ടായിട്ട് കൂടി ഇനിയും പരിഗണിച്ചിട്ടില്ല.
രാവിലെ 6.15ന് കോർബയാണ് കൊച്ചുവേളിയിൽനിന്ന് ആദ്യം പുറപ്പെടുന്നത്. 6.35ന് രപ്തിസാഗറും അഹല്യ നഗരിയുമുണ്ട്. മധുര-പുനലൂർ പാസഞ്ചർ 6.40ന് ഇവിടെയെത്തും. എട്ടിന് കൊച്ചുവേളി-ബറൂണി എക്സ്പ്രസും പുറപ്പെടും. തിരുവനന്തപുരം നഗരത്തിൽനിന്ന് രാവിലെ പുറപ്പെടുന്ന ഈ ട്രെയിനുകൾ പിടിക്കൽ ഭഗീരഥപ്രയത്നമാണ്.
തിരിച്ചുള്ള യാത്രകൾക്കും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിയിലേക്ക് ബസ് കിട്ടണമെങ്കിൽ കൊച്ചുവേളിയിൽ നിന്ന് 15 മിനിറ്റ് നടന്ന് വേൾഡ് മാർക്കറ്റിന് സമീപത്തെത്തണം. കാടുമൂടിയ, നായ് ശല്യമുള്ള റോഡ് കടന്നുവേണം ഇവിടെയെത്താൻ. രാത്രിയിൽ ഈ വഴി നടന്നുപോകാനുമാകില്ല. ഈ ചെറിയ ദൂരത്തേക്ക് ഓട്ടോയാണ് മറ്റൊരാശ്രയം. 50 രൂപയാണ് പകൽനേരത്തെ ചാർജ്. സിറ്റിയിലേക്കാണെങ്കിൽ 200 ഉം 250 ഉം രൂപ കൊടുക്കണം.
60 ഉം 70 ഉം രൂപക്ക് ട്രെയിൻ ടിക്കറ്റെടുത്തുവരുന്ന ജനറൽ കോച്ച് യാത്രക്കാർക്ക് സിറ്റിയിലേക്കെത്താൻ 200 രൂപ ഓട്ടോക്ക് കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ്. രാത്രിയിലാണെങ്കിൽ നിരക്ക് കൂടുകയും ചെയ്യും. കൂടുതൽ ബസ് സർവിസുകൾ ക്രമീകരിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്.
കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാൻ തത്ത്വത്തിൽ തീരുമാനമായെങ്കിലും വികസനപ്രവർത്തനങ്ങളുടെ കാര്യത്തിൽ പരാധീനത വിട്ടുമാറിയിട്ടില്ല. സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറക്കാൻ നേമം, കൊച്ചുവേളി ടെർമിനലുകളുടെ വികസനം അത്യാവശ്യമാണ്. ദീർഘദൂര ട്രെയിനുകളടക്കം പുറപ്പെടുന്ന സ്റ്റേഷനാണെങ്കിലും യാത്രക്കാർക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും കൊച്ചുവേളിയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.