ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചതിനുപിന്നിൽ മുരളി തന്നെ
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിലെ ഏക അക്കൗണ്ട് നേമത്ത് പൂട്ടിയതിെൻറ ക്രഡിറ്റ് എൽ.ഡി.എഫിനാണെങ്കിലും അതിന് ഏറെ സഹായകമായത് യു.ഡി.എഫിലെ കെ. മുരളീധരെൻറ സ്ഥാനാർഥിത്വം തന്നെയാണെന്ന് കണക്കുകൾ. പല ബി.ജെ.പി സ്വാധീന വാർഡുകളിലും നായർ വോട്ട് കൂടുതലായി മുരളീധരന് ലഭിച്ചെന്നാണ് വാർഡ്തല കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും മാത്രം വോട്ട് ലഭിച്ച പലയിടങ്ങളിലും വോട്ട് മൂന്നായി വിഭജിക്കപ്പെടുകയും ചെയ്തു. ത്രികോണ മത്സരത്തിൽ ബി.ജെ.പിക്കെതിരെ വിജയിക്കേണ്ട വോട്ടിലേക്കെത്താൻ കെ. മുരളീധരന് സാധിക്കില്ലെന്ന എൽ.ഡി.എഫിെൻറ പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങൾ വിശ്വാസത്തിലെടുത്തതാണ് വി. ശിവൻകുട്ടിയുടെ വിജയത്തിലേക്ക് നയിച്ചതിന് ഒരു കാരണം.
മുസ്ലിം വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുത്തൻപള്ളി, അമ്പലത്തറ, മുട്ടത്തറ ഭാഗങ്ങളിലെ വോട്ട് എണ്ണിയപ്പോഴാണ് 1500 ഒാളം വോട്ടിനു മുന്നിൽ നിന്ന കുമ്മനം രാജശേഖരനെ പിന്നാക്കം തള്ളി വി. ശിവൻകുട്ടി ലീഡ് നേടിയത്. തുടർന്നുള്ള റൗണ്ടുകളിൽ എൽ.ഡി.എഫ് ലീഡ് ഉയർത്തി. നേമത്ത് ജയം ഉറപ്പിച്ചുനിന്ന ബി.ജെ.പിക്ക് ചോർന്നത് 15,925 വോട്ടാണ്. 5000 മുതൽ 8000 വരെ കുറയുമെന്ന് പാർട്ടി കണക്കുകൂട്ടിയിരുന്നു. വിജയിച്ച എൽ.ഡി.എഫിനും 3305 വോട്ട് കുറഞ്ഞിട്ടുണ്ട്.
ഇരു മുന്നണികളിൽനിന്നും മുരളിക്ക് വോട്ട് ലഭിച്ചെന്നാണ് ഇതു വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ 22,664 വോട്ടാണ് മുരളി കൂടുതൽ പിടിച്ചത്. ന്യൂനപക്ഷം എതിരായതും നായർ വോട്ട് ചോർന്നതും ബി.ജെ.പിക്ക് തിരിച്ചടിയായി. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി ഒ. രാജഗോപാലിന് 67,813 വോട്ടും സി.പി.എമ്മിലെ വി. ശിവൻകുട്ടിക്ക് 59,142 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി വി. സുരേന്ദ്രൻ പിള്ളക്ക് 13,860 വോട്ടുമാണ് ലഭിച്ചത്. ഇക്കുറി ശിവന്കുട്ടി 55,837 വോട്ടും കുമ്മനം 51,888 വോട്ടും കെ. മുരളീധരൻ 36,524 വോട്ടും നേടി.
ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ 60,000 വോട്ട് എന്ന നിലയിലുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തിയത്. കെ. മുരളീധരൻ വരുേമ്പാൾ ന്യൂനപക്ഷ വോട്ട് ഒന്നടങ്കം അങ്ങോട്ടു മറിയാതിരിക്കാനും എൽ.ഡി.എഫ് തന്ത്രം ആവിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.